വായ്പകളുടെ തിരിച്ചടവ് മുടങ്ങിയോ? പേടിക്കണ്ട; പുതുവര്‍ഷം മുതല്‍ പിഴപ്പലിശയ്ക്കു പകരം പിഴത്തുക; വിശദമായി അറിയാം
കോഴിക്കോട്; ജനുവരി 1 മുതല്‍ എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈടാക്കാനാവൂ.
നിലവിലുള്ള വായ്പകള്‍ക്ക് ജൂണിനകം ഇത് ബാധകമാകും. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ബാധകമല്ല. തിരിച്ചടവ് മുടങ്ങിയാല്‍ വായ്പയുടെ പലിശനിരക്കിനു മേലാണ് നിലവില്‍ പിഴപ്പലിശ ചുമത്തുന്നത്. ഇത് തിരിച്ചടവ് ബാധ്യത വന്‍തോതില്‍ ഉയര്‍ത്തും.
പല സ്ഥാപനങ്ങളും പല രീതിയിലാണ് ഇത് കണക്കാക്കുന്നത്. ഇത്തരം തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ ഒട്ടേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി മുതല്‍ പലിശയ്ക്കു മേല്‍ ചുമത്തുന്ന പിഴപ്പലിശയ്ക്കു പകരം ന്യായമായ പിഴത്തുക മാത്രമേ ചുമത്താവൂ. കൂടാതെ ഇതിന്മേല് പലിശ ഈടാക്കുകയുമില്ല. ചുരുക്കത്തില്‍ തിരിച്ചടവ് തുക പരിധിവിട്ട് പെരുകില്ല. വായ്പകളുടെ പലിശയിലേക്ക് ഒരു തരത്തിലുള്ള ചാര്‍ജും ലയിപ്പിക്കാനാവില്ല.