മലയാള ഭാഷയോടുള്ള അനാദരവ് ഇല്ലാതാക്കാൻ മലയാളം അധ്യാപകനായി, സ്വായത്തമാക്കിയത് നിരവധി ഭാഷകൾ; കൊയിലാണ്ടിയിൽ അപ്പുകുട്ടി മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു


കൊയിലാണ്ടി: മലയാളം വിദ്വാനായിരുന്ന പറമ്പിൽ അപ്പുക്കുട്ടി മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഒ.പി.കെ.എം ഓർമ്മക്കൂട്ടത്തിൻ്റെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലൈബ്രറി പ്രസിഡന്റ് പി.കെ.ഭരതൻ ഉദ്ഘാടനം ചെയ്തു.

എട്ടാം ക്ലാസ് വരെ മാത്രം ഔപചാരിക വിദ്യാഭ്യാസം ലഭിച്ച അപ്പുക്കുട്ടി മാസ്റ്റർ പിന്നീട് പത്താം ക്ലാസ് സ്വന്തമായി പഠിച്ച് പാസാവുകയും മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഉന്നതമായ അറിവ് നേടുകയും ചെയ്തു. ഇംഗ്ലിഷിൽ ബി.എ. ബിരുദം നേടിയ അദ്ദേഹം മലയാള ഭാഷയോടുള്ള അനാദരവ് ഇല്ലാതാക്കാൻ മലയാളം വിദ്വാൻ പാസായി മലയാളം അധ്യാപകനാവുകയായിരുന്നു. ബേപ്പൂർ ഹൈസ്കൂൾ, പാലക്കാട് കോട്ടായി സ്കൂൾ, പയ്യന്നൂർ സ്കൂൾ, കൊയിലാണ്ടി ബോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ സംസ്കൃതം, ഹിന്ദി, മലയാളം വിഷയങ്ങൾ പഠിപ്പിച്ചു. പയ്യന്നൂരിൽ ജോലി ചെയ്യുമ്പോൾ പീരങ്കി നമ്പീശനുമായി നല്ല സൗഹൃദത്തിലായിരുന്നു.

1974ൽ കൊയിലാണ്ടി ബോയ്സ് ഹൈസ്കൂളിൽ നിന്നും വിരമിച്ച ശേഷം 13 വർഷത്തോളം ഒ.പി.കെ.എം ആർട്സ് കോളജിൽ അധ്യാപകവൃത്തി തുടർന്നിരുന്നു. ഗാന്ധിജിയെ നേരിട്ടു കണ്ട അപ്പുക്കുട്ടി മാസ്റ്റർ തികഞ്ഞ ഗാന്ധിയനായിരുന്നു.

കേളപ്പജി, വിനോബാജി തുടങ്ങിയവരുടെ അനുയായിയായി ഭൂദാനപ്രസ്ഥാനത്തിലും പ്രവർത്തിക്കുകയുണ്ടായി. സത്യസന്ധതയും കൃത്യനിഷ്ഠയും ജീവിത വ്രതമാക്കിയിരുന്ന അദ്ദേഹം ഖാദിയോടുള്ള ആദരവ് ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ചിരുന്നു. വീട്ടിൽ സ്വന്തമായി ചർക്ക സ്ഥാപിച്ച അദ്ദേഹം കുടുംബാംഗങ്ങളുടെ കൂടെ നൂൽ നൂൽക്കുകയും ചെയ്തിരുന്നു.

ചടങ്ങിൽ ലത്തീഫ് കാവലാട് അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.കെ.ബാലകൃഷ്ണൻ, മുചുകുന്ന് ഭാസ്കരൻ, ചേനോത്ത് ഭാസ്കരൻ, കെ.ടി.ഗംഗാധരൻ, നാസർ കാപ്പാട്, ബാലഗോപാലൻ, കൊണ്ടം വെള്ളി അശോകൻ, മൂസക്കോയ കണയങ്കോട്, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ചടങ്ങിന് രവീന്ദ്രൻ പി സ്വാഗതവും ദീപ എം.പി. നന്ദിയും പറഞ്ഞു.