കാലങ്ങളായുള്ള പോരാട്ടം ഫലം കണ്ടു; എട്ടായിരം കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായി പയ്യോളി തീരദേശ കുടിവെള്ള പദ്ധതിക്ക് അനുമതി


പയ്യോളി: പയ്യോളി തീരദേശമേഖലയിലെ എട്ടായിരം കുടുംബങ്ങള്‍ക്ക് ആശ്വാസമെന്നോളം തീരദേശ കുടിവെള്ള പദ്ധതിക്ക് അനുമതിയായി. 37 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അറിയിച്ചു. തീരദേശ മേഖലയില്‍ ആവിക്കല്‍ മുതല്‍ കോട്ടക്കല്‍ വരെയുള്ള പയ്യോളി നഗരസഭയിലെ പതിനേഴ് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ് പദ്ധതി.

കെ.ദാസന്‍ എം.എല്‍.എ ആയിരിക്കുന്ന സമയത്ത് 31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായ പദ്ധതിയാണിത്. പദ്ധതിക്ക് ജല അതോറിറ്റിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ടെണ്ടര്‍ ക്ഷണിച്ചത് വാട്ടര്‍ അതോറിറ്റി പുതുതായി നടപ്പിലാക്കിയ ക്വളിറ്റി ആന്‍ഡ് കോസ്റ്റ് ബേസ്ഡ് സെലെക്ഷന്‍ (QCBS) സംവിധാനത്തിലായിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും പൈപ്പിന്റെ വിലയിലുണ്ടായ വന്‍ വര്‍ദ്ധനവ് കാരണം കരാറുകാരന്‍ ഹൈകോടതിയില്‍ പോവുകയും പദ്ധതി സ്തംഭനാവസ്ഥയിലാവുകയുമായിരുന്നു.

തുടര്‍ന്ന് കരാറുകകാരന് അനുകൂലമായി കോടതി വിധി വരികയും ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവാന്‍ ആലോചിക്കുകയും ചെയ്തു. എന്നാല്‍ റീടെണ്ടര്‍ നല്‍കുകയാണെങ്കില്‍ ഇപ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരുമെന്നും കാലതാമസം നേരിടുമെന്നുമുള്ള കാര്യം സര്‍ക്കാറിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പദ്ധതിയ്ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്.

ശുദ്ധജലത്തിന് കൊടിയ ക്ഷാമം നേരിടുന്ന കടലോര മേഖലയിലെ ജനങ്ങള്‍ക്ക് അവരുടെ ഏക പ്രതീക്ഷയാണ് ഈ പദ്ധതി. പുല്‍ക്കൊടിക്കൂട്ടം എന്ന സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മുന്നട്ടിറങ്ങിയ സമരപോരാട്ടത്തിന് കൂടിയാണ് ഇതോടെ ഫലം വന്നിരിക്കുന്നത്. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീക്ക് വടക്കയില്‍ തുടങ്ങിയവ ജനപ്രതിനിധികളുടെ നിരന്തര ഇടപെടലും പദ്ധതി നടപ്പിലാക്കാന്‍ വഴിയൊരുക്കി.