പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ


തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേഷിക്കാം. ഓണ്‍ലൈനായി രാവിലെ 10 മണി മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുക. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷന്‍ വെബ്സൈറ്റായ https://hscap.kerala.gov.in/ -ല്‍ പ്രസിദ്ധീകരിക്കും.

പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടും അനോട്ടമെന്റില്‍ സീറ്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ടമെന്റിന് അപേക്ഷിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങള്‍ പരിശോധിക്കണം. ഓപ്ഷനുകള്‍ ഉള്‍പ്പടെ അപേക്ഷയിലെ ലോഗിന്‍ വിവരങ്ങള്‍ ഒഴികെയുള്ള ഏതുവിവരവും തിരുത്തുന്നതിന് സമയം അനുവദിച്ചിരുന്നു.

അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷപുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചു വിശദനിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. അപേക്ഷകര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്‍പ് ഡെസ്‌കുകളിലൂടെ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷകളിലെ പിഴവുകള്‍ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനോടൊപ്പം മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്.