‘വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് ആവശ്യമായ മുഴുവൻ പച്ചക്കറികളും സ്കൂളിൽ തന്നെ കൃഷി ചെയ്യും,വനിതാ രക്ഷിതാക്കൾക്കും അധ്യാപികമാർക്കും ട്രാക്ടർ ഓടിക്കാനുള്ള പരിശീലനവും’; ജൈവ കൃഷിയിലൂടെ മാറ്റത്തിന്റെ വിത്തെറിഞ്ഞ് ആന്തട്ട ഗവ.യു.പി സ്കൂൾ
കൊയിലാണ്ടി: തങ്ങളുടെ കുട്ടികൾ വിഷമൊന്നുമില്ലാത്ത നല്ല ആഹാരം കഴിച്ച് വളരട്ടെ’ എന്ന് അധ്യാപകരും രക്ഷിതാക്കളും ഒന്നായി തീരുമാനിച്ചതോടെ ആന്തട്ട ഗവ.യു.പി സ്കൂളിൽ ഇത് ആരോഗ്യത്തിന്റെയും നല്ല ശീലങ്ങളുടെയും വിത്തിടൽ കാലം. സ്കൂളിൽ വിത്തിടാം വിളവെടുക്കാം പദ്ധതിക്കു തുടക്കമായി.
ദേശീയ പാതയിൽ സ്കൂളിനരികെ 20 സെൻറ് സ്ഥലത്താണ് ജൈവ രീതിയിൽ കൃഷി ആരംഭിച്ചിരിക്കുന്നത്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കാവശ്യമായ മുഴുവൻ പച്ചക്കറികളും പയറുകളും ഇവിടെ കൃഷി ചെയ്യും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, കില എന്നിവയുടെ സഹായത്തോടെ മഹിളാ കിസാൻ ശാക്തീകരണ പരിയോജനാ പദ്ധതിയുടെ ഭാഗമായാണ് കൃഷി തുടങ്ങുന്നത്.
മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ കൂടിയായപ്പോൾ പദ്ധതി വിജയകരമായി. പത്ത് വനിതാ രക്ഷിതാക്കളുടെ യൂണിറ്റാണ് കൃഷി നിയന്ത്രിക്കുന്നത്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളും കൃഷിക്ക് സഹായം നൽകുന്നുണ്ട്. വനിതാ രക്ഷിതാക്കൾക്കും അധ്യാപികമാർക്കും ട്രാക്ടർ ഓടിക്കാനുള്ള പരിശീലനവും ഒപ്പം നൽകുന്നുണ്ട്. പഠനത്തോടൊപ്പം കുട്ടികളിൽ കാർഷിക ആഭിമുഖ്യവും വളർത്തിയെടുക്കലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് പറഞ്ഞു.
പദ്ധതി ഉദ്ഘാടനം ട്രാക്ടർ ഓടിച്ച് നിലമുഴുതുകൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി.സുധ, നൂൺമീൽ ഓഫീസർ പി.എൻ. ശ്രീജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽ പൊയിൽ, പി. സുധ, ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി. എ പ്രസിഡന്റ് എ.ഹരിദാസ് , പദ്ധതി കോർഡിനേറ്റർ ദീപ, കെ. ഉസ്മാൻ , പി.ജയകുമാർ എന്നിവർ പ്രസംഗിച്ചു.