കാന്താരയിലെ വരാഹരൂപത്തിന് വീണ്ടും വിലക്ക്; തിയേറ്ററിലോ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലോ പ്രദര്‍ശിപ്പിക്കരുതെന്ന് നിര്‍ദേശം


കോഴിക്കോട്: കാന്താര സിനിമയിലെ വരാഹരൂപം എന്ന ഗാനം തിയേറ്ററിലോ ഒ.ടി.ടി. പ്ലാറ്റ് ഫോമിലോ പ്രദര്‍ശിപ്പിക്കുന്നത് താല്‍ക്കാലിക വിലക്ക്. പകര്‍പ്പവകാശ ലംഘനം ആരോപിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോടതി നടപടി. ഗാനം പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ അതിന്റെ അംഗീകാരം മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹിന്റേതാണ് ഉത്തരവ്.

വരാഹരൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസമെന്ന ഗാനം ഗോപ്പിയടിച്ചതാണെന്ന കേസിലാണ് നടപടി. നവരസം ഗാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് വരാഹരൂപത്തിന്റെ സംഗീതസംവിധായകന്‍തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപോലെ ഗാനത്തിലെ സാദൃശ്യം പ്രാഥമിക നിഗമനത്തില്‍ത്തന്നെ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഗീതസംവിധായകന്‍ പകര്‍പ്പവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാന്‍ ഡിജിറ്റല്‍ ഓഡിയോ വര്‍ക്ക് സ്റ്റേഷന്‍ പരിശോധിച്ച് അതിന്റെ അസല്‍ പകര്‍പ്പും പ്ലേറ്റുകളും തര്‍ക്കത്തിന് ആധാരമായതെല്ലാം പിടിച്ചെടുക്കണമെന്നും കോടതി അന്വേഷണോദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു.

ഈ ഗാനം ഉള്‍പ്പെടുത്തി കാന്താര തിയറ്ററിലും ഒടിടിയിലും പ്രദര്‍ശിപ്പിക്കുന്നത് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിരുന്നു. കോഴിക്കോട്, പാലക്കാട് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹോംബാലെ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഈ നടപടി പിന്നീട് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗാനം സിനിമയ്‌ക്കൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.