റബിഉല്‍ അവ്വലിനെ ഭക്തിസാന്ദ്രമാക്കുന്ന കൊയിലാണ്ടി വലിയകത്ത് ബംഗ്ലാവിന്‍റെ പെരുമ; ഓര്‍മ്മയില്‍ മായാതെ ബാഫഖി തങ്ങളും വിശ്വാസപൂര്‍വ്വം കൊണ്ടാടുന്ന ആ പന്ത്രണ്ട് ദിനങ്ങളും
അന്‍സാര്‍ കൊല്ലം
കൊയിലാണ്ടി : റബിഉൽ അവ്വൽ മാസപ്പിറവി പിറന്നാൽ അന്ന് മുതൽ 12 ദിവസം കൊയിലാണ്ടിയിലെ വലിയകത്ത് ബംഗ്ലാവിൽ ആഹ്ളാദരാവുകളാണ് . കേരള മുസ്ലിംകളുടെ കണ്ണിലുണ്ണിയും ,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ,സമസ്ത വിദ്യഭ്യാസ ബോർഡ് ,മദ്റസ പ്രസ്ഥാന സ്ഥാപക നേതാവ് ,മുസ്ലിം ലീഗ് അധ്യക്ഷൻ മർഹും : സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ വസതിയാണ് ഇപ്പോൾ വലിയപുര എന്നറിയപ്പെടുന്ന ഇന്നും പഴമ നിലനിർത്തി തലയെടുപ്പോടെ നിലകൊള്ളുന്ന വലിയകത്ത് ബംഗ്ലാവ്. അക്കാലത്ത് ബാഫഖി തങ്ങൾ തന്നെയാണ് വലിയകത്ത് ബംഗ്ലാവിൽ 12 ദിവസവും പ്രവാചക പ്രകീർത്തന സദസ്സുകൾക്ക് നേതൃത്വം വഹിച്ചിരുന്നത്.
സഹോദരങ്ങളും മക്കളും ,മരുമക്കളും ,പേരമക്കളും ഉൾപ്പടെ വലിയ ഒരു നിര തന്നെ നിത്യവും തങ്ങൾക്കൊപ്പം മൗലിദ് ചടങ്ങിൽ ഉണ്ടാകുമായിരുന്നു . വലിയകത്ത് ബംഗ്ലാവിൻ്റെ വിശാലമായ കോലായിയിൽ (വരാന്ത) വെച്ചാണ് മൗലിദ് നടത്താറുണ്ടായിരുന്നത്. കുന്തിരിക്കത്തിൻ്റെയും ,അത്തറിൻ്റെയും സുഗന്ധം മജ്ലിസ്സിന് ഭക്തിനിർഭരമായ അന്തരീക്ഷം നൽകിയിരുന്നു .അരി വ്യാപാരിയായിരുന്ന തങ്ങൾ കോഴിക്കോട് വലിയങ്ങാടിയിൽ നിന്നും കൊയിലാണ്ടി വലിയകത്ത് പള്ളിയിലെത്തി അവിടെ നിന്നും ഹദ്ദാദും ,ഇശാ നിസ്ക്കാരവും നിർവഹിച്ച ശേഷമാണ് വീട്ടിലെത്തി മൗലൂദിൽ പങ്കെടുത്തിരുന്നത് .
റബിഊൽ അവ്വൽ 12 ദിവസവും ബർസൻജി മൗലിദാണ് തങ്ങൾ ഓതിയിരുന്നത് . 12 ദിവസവും ചീരണിയും ,കാവയും ,പത്തിരികളും ,കറികളും, വിവിധ തരം സൂപ്പുകളും വീട്ടിൽ പതിവ് വിഭവങ്ങളാണ്. വലിയകത്ത് ബംഗ്ലാവിൽ അതിവിശാലമായ കോലായിയിൽ വർണ്ണ മനോഹര മാറ്റുകൾ തറയിൽ വിരിച്ച് അതിൽ എല്ലാവരും ഇരുന്നാണ് മൗലിദ് ഓതിയിരുന്നത്. തുടർന്ന് മൗലിദിന് പ്രത്യകമായി തയ്യാറാക്കിയ വിഭവങ്ങൾ വലിയ തളികകളിലും , വർണ്ണ മനോഹരമായ സ്വാനുകളിലും കൊണ്ട് വന്ന് സുപ്രയിൽ നിരത്തി സ്വാനുകളിലും , തളികകളിലും ഉള്ള ഭക്ഷണം ബാഫഖി തങ്ങൾക്കൊപ്പം ഒരു മിച്ചിരുന്ന് ഒരേ പാത്രത്തിൽ കഴിക്കുന്നതായിരുന്നു അക്കാലത്തെ രീതി .
റബിഉൽ അവ്വൽ 12 ന് നാട്ടുകാരെ ഒന്നടങ്കം പങ്കെടുപ്പിച്ച് കൊണ്ടാണ് ബാഫഖി തങ്ങൾ വലിയ മൗലിദ് നടത്തിയിരുന്നത്. വീടിന് സമീപം തങ്ങളുടെ ഉടമസ്ഥതയിലുള്ള അരി ഗോഡൗണിൻ്റെ വലിയ കെട്ടിടത്തിൽ ആടുകളെയും ,മാടുകളെയും അറുത്ത് ഭക്ഷണം തയ്യാറാക്കി ക്ഷണിക്കപ്പെട്ടവർക്കും നാട്ടുകാർക്കും നൽകിയാണ് തങ്ങൾ മൗലിദ് ചടങ്ങുകൾ അവസാനിപ്പിച്ചിരുന്നത്.കണ്ണിയത്ത് അഹമ്മദ് മുസ്ലാർ ,ഇ.കെ അബൂബക്കർ മുസ്ല്യാർ ഉൾപ്പടെ സമസ്തയുടെയും ,മുസ്ലിം ലീഗിൻ്റെയും നല്ലൊരു നിര നേതാക്കൾ തങ്ങളുടെ വസതിയിൽ മൗലിദ് ചടങ്ങുകളിൽ എത്താറുണ്ടായിരുന്നു.