കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ വീണ്ടും അപകടം; സ്വകാര്യ ബസിടിച്ച് വയോധികന് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റില്‍ സ്വകാര്യ ബസിടിച്ച് വയോധികന് പരിക്ക്. കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര് അടിച്ചാടത്ത് കെ.ഗംഗാധരനാ(68)ണ് പരിക്കേറ്റത്. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ അരിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന നക്ഷത്ര ബസ്സാണ് ഗംഗാധരനെ ഇടിച്ചത്. ബസ് ആളെ ഇറക്കാനായി കൊയിലാണ്ടി സ്റ്റാന്റിലേക്ക് കയറ്റവെ ഗംഗാധരന് ബസിന് തൊട്ടരികിലൂടെ കടന്നുപോകുകയായിരുന്നു. ഡ്രൈവര്‍ ആളെ കണ്ടില്ലായിരുന്നു. ബസ് ഇടിച്ച് ഗംഗാധരന്‍ അല്പം ദൂരെ തെറിച്ചുവീഴുകയായിരുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഒന്നര മാസം മുമ്പ് കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സിടിച്ച് നമ്പ്രത്തുകര കുന്നോത്ത് മുക്ക് സ്വദേശിയായ വീട്ടമ്മ മരിച്ചിരുന്നു.