ഡ്രെയ്‌നേജ് ഏത് റോഡ് എത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ, വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ വീഴുന്നത് പതിവ്; ബൈപ്പാസ് പ്രവൃത്തി കാരണം അണേല റോഡ് വെള്ളത്തിലായിട്ടും വാഗാഡ് അധികൃതര്‍ പരിഹാരമുണ്ടാക്കിയില്ലെന്ന് നാട്ടുകാര്‍
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി അണേല റോഡില്‍ ബൈപ്പാസ് കടന്നുപോകുന്ന ഇടത്ത് അപകടകരമാംവിധം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും വാഗാഡ് കമ്പനി പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. രണ്ട് ദിവസം മുമ്പ് എം.എല്‍.എ കാനത്തില്‍ ജമീല വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടിട്ടും ഇതുവരെ വാഗാഡ് അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊയിലാണ്ടി നഗരസഭയുടെ മുമ്പിലൂടെയുള്ള ഡ്രെയ്‌നേജ് അവസാനിക്കുന്നത് അണേല റോഡിലാണ്. ഇവിടെയുണ്ടായിരുന്ന കല്‍വര്‍ട്ട് വഴി വായനാരി തോടിലേക്ക് വെള്ളം ഒഴുകുകയായിരുന്നു പതിവ്. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കല്‍വര്‍ട്ട് പൊളിച്ചതോടെ വെള്ളം സാധാരണ രീതിയില്‍ കടന്നുപോകാത്ത സ്ഥിതിയായി. മഴ കനത്തതോടെ ഇവിടെ റോഡും ഡ്രെയ്‌നേജും തിരിച്ചറിയാനാവാത്ത വിധം വെള്ളക്കെട്ടായി. ഈ ഭാഗത്ത് ഡ്രെയ്‌നേജിന്റെ 50 മീറ്ററോളം മുകളില്‍ സ്ലാബ് ഇടാത്ത സ്ഥിതിയിലുമാണ്.
ആറുമീറ്റര്‍ വീതിയിലുള്ള ഈ റോഡിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഡ്രെയ്‌നേജിലേക്ക് ടയര്‍ താഴ്ന്നുപോകുന്ന സ്ഥിതി ആവര്‍ത്തിക്കുകയാണ്. അടുത്തിടെ ഇവിടെ കുടുങ്ങിയ ഒരു കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയെടുത്തത്. ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്. സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ നടന്നും സൈക്കിളിലും വാഹനങ്ങളിലുമൊക്കെ കടന്നുപോകുന്ന വഴിയാണിത്. ഡ്രെയ്‌നേജ് തിരിച്ചറിയാന്‍ നാട്ടുകാര്‍ സ്ഥിപിച്ച കമ്പും മറ്റും മാത്രമേ ഇവിടെയുളളൂ.
റോഡ് മുറിച്ച് ഒരു പൈപ്പിട്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഇവിടെയുള്ളൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എം.എല്‍.എയുടെ യോഗത്തിന് പിന്നാലെ പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ വാഗാഡ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അന്നേദിവസം രാത്രിവന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിച്ചതാണ്. ഇതുപ്രകാരം വാര്‍ഡ് കൗണ്‍സിലര്‍ ഏറെ നേരം കാത്തിരുന്നെങ്കിലും കമ്പനി ജീവനക്കാര്‍ എത്തിയില്ല. തുടര്‍ന്ന് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇന്ന് വീണ്ടും വാഗാഡ് അധികൃതരെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരം കാണാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.