ആനക്കുളം റെയില്‍വേ ഗേറ്റില്‍ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു; കൊല്ലം ടൗണില്‍ വന്‍ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: അറ്റകുറ്റപ്പണികള്‍ക്കായി ആനക്കുളം -മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചതോടെ ദേശീയപാതയില്‍ കൊല്ലത്ത് വന്‍ ഗതാഗതക്കുരുക്ക്. സെപ്റ്റംബര്‍ പത്തുമുതലാണ് റെയില്‍വേ ഗേറ്റ് അടച്ചിട്ടത്. ഗേറ്റിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്.
ഗേറ്റ് അടച്ചതിനാല്‍ മുചുകുന്ന് ഭാഗത്തേക്കും മുചുകുന്ന് ഭാഗത്തുനിന്ന് കൊയിലാണ്ടി ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കൊല്ലം-നെല്ല്യാടി റോഡിലൂടെ കൊല്ലം ഗേറ്റ് കടന്നാണ് കൊയിലാണ്ടിയിലേക്കും തിരിച്ചും പോകുന്നത്. ദേശീയപാതയില്‍ നിന്നും ഏതാണ്ട് 50മീറ്ററോളം ദൂരത്താണ് കൊല്ലം റെയില്‍വേ ഗേറ്റ്. ട്രെയിന്‍ പോകാനായി ഗേറ്റ് അടച്ചിടുന്ന സമയത്ത് വാഹനങ്ങളുടെ നിര ദേശീയപാതയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്കും വടകര ഭാഗത്തേക്കും നീളുന്ന സ്ഥിതിയുണ്ട്. ഇതാണ് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ആനക്കുളം റെയില്‍വേ ഗേറ്റ് തുറന്നിരിക്കുന്ന സമയത്ത് തന്നെ കൊല്ലംഭാഗത്ത് ഗേറ്റ് അടച്ചാല്‍ ദേശീയപാതയില്‍ ഗതാഗതകുരുക്കാണ്.
പൊതുവേ കൊല്ലം ഭാഗത്ത് ചെറിയ തോതില്‍ ഗതാഗതക്കുരുക്ക് പതിവാണ്. ആനക്കുളം ഗേറ്റ് അടച്ചതും ഓണത്തിരക്കുമൊക്കെ ആയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. രാവിലെയും വൈകുന്നേരവുമാണ് ഏറ്റവുമധികം പ്രയാസം നേരിടുന്നത്. മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി ഗവ.കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും കൊയിലാണ്ടി, തുറയൂര്‍, മണിയൂര്‍ ഭാഗത്തേക്കും പോകേണ്ട യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന വഴിയാണ് ആനക്കുളം മുചുകുന്ന് റോഡ്. ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇപ്പോള്‍ ഏറെ പ്രയാസം നേരിടുന്നത്.
നെല്ല്യാടി റോഡ് മാസങ്ങളായി ആകെ തകര്‍ന്ന നിലയിലാണ്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളും വളരെ കുറഞ്ഞ വാഹനങ്ങളുമാണ് ഇതുവഴി പോകുന്നത്. ഈ വഴിയുള്ളവരും റോഡിന്റെ ശോചനീയാവസ്ഥ കാരണം പലപ്പോഴും മുചുകുന്ന് റോഡിനെ ആശ്രയിക്കാറുണ്ട്.
ഇന്ന് രാവിലെ കൊയിലാണ്ടി മേഖലയില്‍ അതി ശക്തമായ മഴയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ പയ്യോളി ഭാഗത്തും വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. സെപ്റ്റംബര്‍ 12 വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും പണി നടത്തി റോഡിന്റെ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെയും യാത്രക്കാരുടെയും ആവശ്യം.
Summary: Anakulam railway gate under repair; Huge traffic jam in Kollam town.