പേരാമ്പ്രയില്‍ മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മറച്ച് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവം; തിരുവള്ളൂര്‍ സ്വദേശിയായ പ്രതി ”നൈറ്റി” പിടിയില്‍


പേരാമ്പ്ര: എരവട്ടൂര്‍ ചേനായി റോഡിലെ ആയടക്കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവള്ളൂര്‍ വെള്ളൂക്കര റോഡില്‍ മേലാംകണ്ടി മീത്തല്‍ ‘ നൈറ്റി ‘ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുള്ള (29) ആണ് അറസ്റ്റിലായത്. പ്രതി വടകരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജിന്റെ കീഴിലുള്ള സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പേരാമ്പ്ര പോലിസ് തിരിച്ചറിഞ്ഞത്. പ്രതിക്ക് വിവിധ സ്റ്റേഷനുകളിലായി നിരവധി കളവു കേസുകളും ക്രിമിനല്‍ കേസുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. നവംബര്‍ 18നാണ് സംഭവം. രാത്രി 1.19ഓടെ മോഷണം ആരംഭിച്ച ഇയാള്‍ ഒരു മണിക്കൂര്‍ സമയം ചെലവഴിച്ച് ഭണ്ഡാരത്തിലെ മുഴുവന്‍ പണവും എടുത്ത് കടന്നുകളയുകയായിരുന്നു.

പാന്റും അതിന് മുകളില്‍ മുണ്ടും ഷര്‍ട്ടും അതിന് മുകളില്‍ ചുരിദാര്‍ ടോപ്പുപോലുള്ള വസ്ത്രവും ധരിച്ച് മുഖം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞായിരുന്നു അബ്ദുള്ള മോഷണത്തിനെത്തിയത്. സമീപത്തെ വീട്ടില്‍ നിന്നും മോഷ്ടിച്ച കമ്പിപ്പാരയും നിലംകുഴിക്കുന്ന പാരയുംകൊണ്ടാണ് ഭണ്ഡാരംതകര്‍ത്തത്. ഇത് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.

Summary: An incident of theft of money in Perampra by breaking open the vault by covering his face with a plastic cover; Accused arrested