പയ്യോളി പെരുമാള്‍പുരത്ത് സ്ലാബ് പൊട്ടി ഡ്രൈനേജിനുള്ളില്‍ വയോധികന്‍ വീണ സംഭവം; സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയപാത നിര്‍മ്മാണ കമ്പനിക്കെതിരെ പരാതി നല്‍കി കുടുംബം


പയ്യോളി: പെരുമാള്‍പുരത്ത് ഡ്രൈനേജ് സ്ലാബ് പൊട്ടി വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികന്‍ ചികിത്സാ സഹായത്തിനായി ദേശീയപാത നിര്‍മ്മാണ കമ്പനിക്കെതിരെ പരാതി കൊടുത്തു. തിക്കോടി പള്ളിക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയായ ഗോപാലകൃഷ്ണനാണ് തുടര്‍ചികിത്സയ്ക്കായി പണം നല്‍കണമെന്നാവാശ്യപ്പെട്ട് വഗാഡിനെതിരെ പരാതി നല്‍കിയത്.

ആഗസ്ത് 14നാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് നിര്‍മ്മിച്ച ഡ്രൈനേജില്‍ വീണ് ഗോപാലകൃഷ്ണന് പരിക്കേല്‍ക്കുന്നത്. ഡ്രൈയിനേജിനുള്ളില്‍ വീണു കിടക്കുന്ന നിലയില്‍ ലോറി ഡ്രൈവറാണ് ഇദ്ദേഹത്തെ ആദ്യം കണ്ടത്. തുടര്‍ന്ന് സമീപത്ത വ്യാപാരിയായ ഫാസിലിന്റെ സഹായത്തോടെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പയ്യോളി പെരുമാള്‍പുരത്ത് ലോറിയ്ക്ക് സൈഡ് കൊടുക്കാനായി ഡ്രൈനേജ് സ്ലാബിലേയ്ക്ക് കയറി; സ്ലാബ് പൊട്ടി ഡ്രൈജിനുള്ളില്‍ വീണ് കാല്‍നടയാത്രക്കാരന് പരിക്ക്

എന്നാല്‍ തുടര്‍ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ കഷ്ടപെടുകയാണ് ഗോപാലകൃഷ്ണന്‍. സെക്യൂരിറ്റി ജോലിക്കാരനായ ഇദ്ദേഹം പെരുമാള്‍പുരത്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന തിക്കോടി സ്വദേശിയായ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്.

അപകടത്തെ തുടര്‍ന്ന് ഗോപാലകൃഷ്ണന്റെ ബന്ധുക്കള്‍ വാഗാഡ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കൃത്യമായ മറുപടി കൊടുക്കാതെ അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതെ തുടര്‍ന്നാണ് കോഴിക്കോട് കലക്ടര്‍ക്കും പയ്യോളി പോലീസ് സ്‌റ്റേഷനിലും സംഭവത്തില്‍ ഇടപെട്ട് വേണ്ട സഹായം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. പരാതി സ്വീകരിച്ച കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മറുപടി നല്‍കിയിട്ടുണ്ട്.