വാതകചോർച്ച ഉണ്ടായാൽ എന്ത് ചെയ്യണം? കൂത്താളിയിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു


പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ്, ജി ആർ സി യുടെ നേതൃത്വത്തിൽ എന്നിടം ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാനിലയവുമായി ചേർന്ന് ബേസിക് ലൈഫ് സപ്പോർട്ട്, അഗ്നിരക്ഷാ മുൻകരുതലുകൾ എന്നീ വിഷയങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്.   

പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസെടുത്തു. പാചകവാതക ഉപയോഗത്തിലെ സുരക്ഷാ മുൻകരുതലുകളും വാതകചോർച്ച ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രതിരോധനടപടികളും വിശദീകരിച്ചതോടൊപ്പം ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി. തുടർന്ന് അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി.   

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ജയന്തി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ശ്രീഷ്മ ക്ലാസിന് നേതൃത്വം നൽകി. സിഡിഎസ് അംഗം ബിന്ദു സ്വാഗതവും കിരൺ നന്ദിയും പറഞ്ഞു.