രോഗിയുമായി പോയ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു


ഒറ്റപ്പാലം: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവറായ വരോട് കുണ്ടന്‍പ്പറമ്പില്‍ വീട്ടില്‍ സന്തോഷാണ് (37) മരിച്ചത്. ചെര്‍പ്പുളശ്ശേരി-ഒറ്റപ്പാലം റോഡില്‍ വരോട് വെച്ചായിരുന്നു അപകടം.

നെല്ലായ ഭാഗത്തുനിന്ന് രോഗിയുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നു ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

വൈദ്യുതപോസ്റ്റിലിടിച്ച് ആംബുലന്‍സും തകര്‍ന്നു. സന്തോഷിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.