”കാലില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു, ഏറ്റവും അടുത്തുള്ള ആശുപത്രിയേതാ എന്നവര്‍ ചോദിച്ചു, അങ്ങനെയാണ് ആ ആശുപത്രിയിലേക്ക് എത്തിച്ചത്” കാപ്പാട് സ്വദേശിയെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവിട്ട ആംബുലന്‍സ് ഡ്രൈവര്‍ക്ക് പറയാനുള്ളത്


കൊയിലാണ്ടി: കാലില്‍ കുപ്പിച്ചില്ല് തറച്ച് പരിക്കേറ്റ കാപ്പാട് സ്വദേശിയായ വികാസ് നഗറിലെ അരവിന്ദനുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവര്‍ പ്രദീപന്‍. കാലില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു രോഗിയെന്നും അവര്‍ ചോദിച്ചപ്പോള്‍ ഏറ്റവും അടുത്തുള്ള സൗകര്യമുള്ള ആശുപത്രിയെന്ന നിലയില്‍ മൈത്ര ആശുപത്രിയുടെ പേര് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രദീപന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

അഭയം പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് ഡ്രൈവറാണ് പ്രദീപന്‍. പൂക്കാടുള്ള ക്ലിനിക്കില്‍ നിന്നും വിവരം അറിയിച്ചത് പ്രകാരമാണ് അവിടെ എത്തിയത്. തുടര്‍ന്ന് അരവിന്ദനും കൂടെയുണ്ടായിരുന്ന രണ്ടുപേരുമായി കോഴിക്കോട്ടേക്ക് തിരിച്ചു. യാത്രയ്ക്കിടെ മെഡിക്കല്‍ കോളേജിലേക്ക് പോകണമോയെന്ന് ചോദിച്ചപ്പോള്‍, അവിടെ പെട്ടെന്ന് ചികിത്സ കിട്ടില്ലെന്നും കുറേതാമസമെടുക്കുമെന്നും സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകാമെന്നുമാണ് പറഞ്ഞത്. അപ്പോള്‍ പൂക്കാടുനിന്നും ഏറ്റവും അടുത്തുള്ള സൗകര്യമുള്ള സ്വകാര്യ ആശുപത്രിയെന്ന നിലയിലാണ് മൈത്രയിലേക്ക് പോയാലോ എന്ന് ചോദിച്ചത്. ആരും എതിരൊന്നും പറഞ്ഞില്ല. അതിനാലാണ് മൈത്രയില്‍ രോഗിയെ ഇറക്കിയതെന്നും പ്രദീപന്‍ പറഞ്ഞു.

ഇഖ്ര ആശുപത്രിയില്‍ പോകാമെന്നൊന്നും ആരും തന്നോട് പറഞ്ഞിട്ടില്ല. അവര്‍ അങ്ങനെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവിടെ തന്നെ എത്തിക്കുമായിരുന്നു. സാധാരണ വാങ്ങുന്ന കൂലിയായ 800 രൂപയാണ് ഇവരോടും വാങ്ങിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുവര്‍ഷത്തോളമായി അഭയം പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സില്‍ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ ആയിരത്തോളം പേരെ തന്റെ വാഹനത്തില്‍ കൊണ്ടുപോകുകയോ ആശുപത്രിയില്‍ നിന്ന് തിരിച്ചുകൊണ്ടുവരികയോ ഒക്കെ ചെയ്തിട്ടുണ്ട്. അധിക കൂലി വാങ്ങിയെന്നോ രോഗികളുടെ താല്‍പര്യത്തിന് വിരുദ്ധമായി ഏതെങ്കിലും ആശുപത്രിയില്‍ എത്തിച്ചെന്നോ എന്നൊന്നും ആരും പരാതി പറഞ്ഞിട്ടില്ല. തന്റെ വാഹനത്തില്‍ കയറുന്ന രോഗിയ്ക്ക് എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും പ്രദീപന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഈ വിഷയത്തില്‍ അരവിന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കുറിപ്പില്‍ തന്റെ പേരും അഭയം പാലിയേറ്റീവ് കെയറിനെയും പരാമര്‍ശിച്ചത് മാനസികമായി ഏറെ വിഷമിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കാലതാമസമില്ലാതെ ചികിത്സ കിട്ടുമെല്ലോ എന്നു കരുതി സ്വകാര്യ ആശുപത്രിയെ സമീപിച്ച തനിക്ക് ഏറെ സമയം അവിടെ കാത്തുകിടക്കേണ്ടി വന്നതിന്റെയും പണം നഷ്ടമായതിന്റെയും അനുഭവമാണ് അരവിന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

മരംവെട്ട് തൊഴിലാളിയായ അരവിന്ദന് ജോലിക്കിടെയാണ് പരിക്കേറ്റത്. കാലില്‍ കുപ്പിച്ചില്ല് കയറുകയായിരുന്നു. പൂക്കാടുള്ള ക്ലിനിക്കില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം അവിടുത്തെ ഡോക്ടര്‍ നിര്‍ദേശിച്ചതു പ്രകാരമാണ് കുറേക്കൂടി സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. കോഴിക്കോട് ഇഖ്ര ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകാമെന്ന് കരുതിയ തങ്ങള്‍ ആംബുലന്‍സ് ഡ്രൈവറുടെ നിര്‍ദേശ പ്രകാരം മറ്റൊരു ആശുപത്രി തെരഞ്ഞെടുക്കുകയായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”അഭയം പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് ആയിരുന്നു വന്നത്. ആംബുലന്‍സ് ഡ്രൈവര്‍ പ്രദീപന്‍ ആണെന്ന് പിന്നീട് ചോദിച്ചറിഞ്ഞു. എവിടേക്കാണ് പോവേണ്ടത് എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ഇഖ്ര-ഹോസ്പിറ്റലിലേക്ക് എന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു ‘നിങ്ങള്‍ക്ക് ഏറ്റവും നല്ലത് മൈത്ര-ഹോസ്പിറ്റല്‍ പോകുന്നതാണ്’ എന്ന്. മുറിവിന്റെ വേദനയും, ടെന്‍ഷനും, വിഷമവും, മൈത്ര-ഹോസ്പിറ്റലിനെ പറ്റി അധികം അറിയാത്ത കാരണത്താലും ഞാനും എന്റെ ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരും വരുംവരായ്കകള്‍ ഒന്നും ഓര്‍ക്കാതെ സമ്മതം മൂളി.” എന്നായിരുന്നു അരവിന്ദന്റെ കുറിപ്പില്‍ പറഞ്ഞിരുന്നത്.

ഇവിടെയെത്തി ഏറെ നേരെ കഴിഞ്ഞശേഷമാണ് കാലിന്റെ എക്‌സ്‌റേ വരെ എടുത്തതെന്നാണ് അരവിന്ദന്‍ ആരോപിക്കുന്നത്. കാലതാമസം സംബന്ധിച്ച് ജീവനക്കാരോട് പരാതപ്പെട്ടപ്പോള്‍ ഇവിടെ നിങ്ങള്‍ മാത്രമല്ല രോഗിയായെത്തുന്നത് എന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് ചികിത്സയ്ക്കായി വന്‍തുക ആവശ്യപ്പെട്ടപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് പോകാമെന്ന് തീരുമാനമെടുക്കുകയാണുണ്ടായതെന്നും അരവിന്ദന്‍ പറഞ്ഞിരുന്നു.

”എക്‌സറേ പരിശോധിച്ച് രണ്ട് ഗ്ലാസ് കഷണങ്ങള്‍ ഉള്ളില്‍ തറച്ച് കിടപ്പുണ്ടെന്നും, അതില്‍ ഒന്ന് വലുതാണെന്നും പറഞ്ഞു. അവ എടുക്കാന്‍ നല്ല ബുദ്ധിമുട്ട് ആണെന്നും കാലിന്ന് അനസ്‌ത്രേഷ്യ നല്‍കി ചെയ്യണമെന്നും, എന്നിരുന്നാലും അഡ്മിറ്റ് ചെയ്യേണ്ടതില്ല എന്നും, എടുത്തു കഴിഞ്ഞ് മുറിവു ഡ്രസ്സ് ചെയ്ത് കഴിഞ്ഞാല്‍ ഇന്ന് തന്നെ വീട്ടില്‍ പോകാമെന്നും പറഞ്ഞു. ഇതിന്നായി 45000-രൂപ ആവുമെന്നും, ഓപ്പറേഷന്‍ ചെയ്യാന്‍ 4-മണിയൊക്കെ (വൈകുന്നേരം) കഴിയുമെന്നും പറഞ്ഞു. ഇത്രയുമായപ്പോള്‍ ഞങ്ങള്‍ ആലോചിച്ചു മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തീരുമാനിച്ചു.

അവരോട് വിവരം പറഞ്ഞപ്പോള്‍ എന്റെ ഒപ്പം ഉണ്ടായിരുന്ന ഷൈജുവിനെ ആശുപത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. 45000-രൂപയാവും എങ്കിലും നിങ്ങള്‍ക്ക് 35000-രൂപയ്ക്ക് ചെയ്തു തരാമെന്നും, ഈ തുക മുഴുവന്‍ ഇല്ലെങ്കില്‍ 13000-രൂപ അടച്ച് ബാക്കി തുക ബജാജ്‌പോലുള്ള ഏതോ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ പാസാക്കി തരാമെന്നും, 6-മാസ തവണകളായി അടച്ചു തീര്‍ത്താല്‍ മതിയെന്നും പറഞ്ഞു.”

തങ്ങള്‍ അതിനുവഴങ്ങാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുകയും അവിടെ വെച്ച് അധികം താമസിയാതെ തന്നെ ചികിത്സ ലഭിക്കുകയും ചെയ്‌തെന്നാണ് അരവിന്ദന്‍ പറയുന്നത്. ആയിരം രൂപയോളം മാത്രമേ അവിടെ ചികിത്സയ്ക്കായി ചെലവു വന്നുള്ളൂവെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞിരുന്നു.