പേരാമ്പ്രയിലെ പ്രധാന ടെക്‌സ്റ്റൈല്‍സ് ഗ്രൂപ്പുകളിലൊന്നായ അമ്പാടിയുടെ ഉടമ, വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ വ്യക്തിത്വം; സദാനന്ദന്‍ മാസ്റ്റര്‍ക്ക് പേരാമ്പ്രയുടെ യാത്രാമൊഴി
പേരാമ്പ്ര: പ്രധാന ടെക്‌സ്റ്റൈല്‍സ് ഗ്രൂപ്പുകളിലൊന്നായ അമ്പാടിയുടെ ഉടമ, പേരാമ്പ്രയിലെ വസ്ത്രവിപണിയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വ്യാപാരി സദാനന്ദന്‍ മാസ്റ്ററുടെ വിയോഗത്തോടെ പേരാമ്പ്രയുടെ വ്യാപാര ചരിത്രത്തിലെ പ്രധാന വ്യക്തിത്വമാണ് മറഞ്ഞുപോയിരിക്കുന്നത്.
മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന അമ്പാടി ടെക്‌സ്റ്റൈല്‍സിലൂടെയായിരുന്നു അദ്ദേഹം തുടങ്ങിയത്. സ്ഥാപനം വളര്‍ന്ന് പേരാമ്പ്രയില്‍ തന്നെ മൂന്ന് ഷോപ്പുകള്‍ എന്ന നിലയില്‍ എത്തിനില്‍ക്കുന്നു ഇന്ന്. വ്യാപാരികളുടെ സംഘടനയില്‍ നിന്നുകൊണ്ട് പേരാമ്പ്രയിലെ വ്യാപാരികള്‍ അനുഭവിക്കുന്ന പലവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹം ഇടപെട്ടു. വ്യാപാരി വ്യവസായി സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സദാനന്ദന്‍ മാസ്റ്റര്‍.
തകര്‍ന്നു കിടക്കുന്ന പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി പഞ്ചായത്തിലും ബന്ധപ്പെട്ട അധികൃതരെയും സമീപിച്ച വ്യാപാരികളില്‍ നേതൃനിരയില്‍ അദ്ദേഹവുമുണ്ടായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് രാവിലെ പതിനൊന്നുമണിവരെ പേരാമ്പ്രയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വൃക്കരോഗം കൂടി ബാധിച്ചാണ് രാമല്ലൂര്‍ പുതുകുളങ്ങര വീട്ടില്‍ സദാനന്ദന്‍ മാസ്റ്റര്‍ മരണപ്പെടുന്നത്. വ്യാപാരി വ്യവസായി സമിതി മുന്‍ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറിയും നിലവില്‍ ഏരിയ കമ്മിറ്റിയംഗവുമാണ്.