തിരുവരങ്ങ്; ഈദ്- വിഷു- ഈസ്റ്റര്‍ സംഗമവുമായി ഒത്തുകൂടി തിരുവങ്ങൂര്‍ ഹൈസ്‌ക്കൂളിലെ 1981 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍


Advertisement

കൊയിലാണ്ടി: ഈദ്- വിഷു- ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ച് തിരുവങ്ങൂര്‍ ഹൈസ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. തിരുവരങ്ങ് എന്ന പേരില്‍ 1981 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. സീരിയല്‍ ചലച്ചിത്ര താരം ചന്തു ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisement

ഒറ്റപ്പെടല്‍ എന്ന ഭീതിതമായ ഋണാവസ്ഥയില്‍ നിന്നും ഏകാന്തത എന്ന ധനാത്മക അവസ്ഥയിലേക്ക് മനുഷ്യ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനുള്ള സുഹൃദ് സംഗമങ്ങളും ആത്മീയാനുഭവങ്ങളും നാടെങ്ങും ഒരുക്കണം. വ്യക്തികളുടെ ക്രിയാത്മകമായ ഏകാന്തതയില്‍ നിന്നാണ് സമൂഹത്തില്‍ വികസന വഴികള്‍ തുറക്കപ്പെട്ട് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

പൂക്കാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ചെയര്‍മാന്‍ കെ.വി. ബഷീറിന്റെ അധ്യക്ഷത വഹിച്ചു. ശശികുമാര്‍ പാലയ്ക്കല്‍ മുഖ്യഭാഷണം നടത്തി. വൈവിധ്യങ്ങളില്‍ അകപ്പെട്ട് കിടക്കുന്ന മതാധിഷ്ഠിത വിശ്വാസപ്രമാണങ്ങളിലൂടെ നാടിന് പകര്‍ന്ന് കിട്ടുന്നത് ആത്മീയ മൂല്യങ്ങളുടെ ഏകഭാവമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

Advertisement

മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സത്യനാഥന്‍ മാടഞ്ചേരി, ക്യാപ്റ്റന്‍ ഗോവിന്ദന്‍ കീഴന, ഹനീഫ കാപ്പാട്,ശോഭന അത്തോളി, ഉഷ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. വത്സല,സത്യന്‍, മാധവന്‍, രാഘവന്‍ എന്നിവര്‍ ഈദ്- വിഷു- ഈസ്റ്റര്‍ ഗാനങ്ങള്‍ ആലപിച്ചു. അകാലത്തില്‍ വേര്‍പെട്ട് പോയ സഹപാഠി സുരേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു. കണ്‍വീനര്‍ സതി വടക്കയില്‍ സ്വാഗതവും രവി കൊല്ലം നന്ദിയും പറഞ്ഞു.