എഴുത്തുകാരന് നാട്ടിലെത്താനായില്ല, സഹപാഠികൾ ഒത്തുചേർന്ന് പുസ്തകപ്രകാശനം നടത്തി; സ്നേഹോർമ്മകളുമായി തിരുവങ്ങൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു
ചേമഞ്ചേരി: ഇത് അപൂർവ്വ സ്നേഹ ബന്ധത്തിന്റെ കഥയാണ്, സാഹോദര്യത്തിന്റെയും… ‘നിനക്ക് നാട്ടിലെത്താൻ പറ്റിയില്ലെങ്കിലെന്താടോ, ഞങ്ങളെ ഇവിടെ’. എഴുത്തുകാരന് നാട്ടിലെത്താനാവാത്തതിനെ തുടർന്ന് സഹപാഠിയുടെ നോവൽ പ്രകാശനം ചെയ്ത സുഹൃത്തുക്കൾ. തിരുവങ്ങൂർ ഹൈസ്കൂൾ 1986 എസ് എസ് എൽ സി ബാച്ചാണ് ഒത്തുകൂടിയത്.
വാർഷിക സംഗമം സഹപാഠിയുടെ പുസ്തക പ്രകാശനച്ചടങ്ങിനും വേദിയായി മാറുകയായിരുന്നു. കാപ്പാട് സ്വദേശിയായ മനോജ് കുമാർ എഴുതിയ ആദ്യ നോവലാണ് തന്റെ അസാന്നിധ്യത്തിൽ പ്രകാശനം ചെയ്തത്. പ്രവാസിയും സാമൂഹ്യ മാധ്യമങ്ങളിൽ എഴുത്തിലൂടെ ശ്രദ്ധേയനുമായ മനോജ് കുമാറിന് ഔദ്യോഗിക തിരക്കുകൾ മൂലം നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും സഹപാഠികൾ ഒത്തുചേർന്ന് പ്രകാശനം ആഘോഷമാക്കുകയായിരുന്നു.
‘അബ്ദല്ലി’ എന്ന നോവൽ കൊളോത്ത് രാഘവൻ മാസ്റ്റർക്ക് ആദ്യ പ്രതി നൽകി ശിവദാസ് പൊയിൽക്കാവ് പ്രകാശനം ചെയ്തു. കുവൈത്ത് ഇറാഖ് അതിർത്തിയിലെ മരുപ്രദേശമായ അബ്ദില്ലിയിൽ നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കാൻ എത്തുന്ന എഞ്ചിനീയർ നേരിടുന്ന ഉദ്വേഗജനകമായ അനുഭവങ്ങളാണ് നോവലിൻ്റെ ഇതിവൃത്തം. കണ്ണൂരിലെ പായൽ ബുക്സ് ആണ് പ്രസാധകർ.
അരുണ അബ്ദുൾ ഗഫൂർ, സതീശൻ എൻ, ഡോ.അജിത് സുഭാഷ്, എ.കെ രമേശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തിരുമുറ്റം എന്ന പേരിലുള്ള സഹപാഠി കൂട്ടായ്മ നേരത്തെ പ്രളയ ദുരിതാശ്വാസം, സഹപാഠിക്ക് വീടുനിർമ്മാണം, ഓൺലൈൻ പoന സഹായി വിതരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ സമൂഹശ്രദ്ധ നേടിയിട്ടുണ്ട്.