ലുക്കീമിയ ബാധിച്ച് കിടപ്പിലായ സജീഷിന്റെ ചികിത്സയ്ക്കായുള്ള വന്‍തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് കാപ്പാടുള്ള അല്‍ഷിഫ ബസും; ഇന്നത്തെ സര്‍വ്വീസ് സജീഷിനുവേണ്ടി


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവിലെ ലുക്കീമിയ ബാധിച്ച് കിടപ്പിലായ സജീഷിന്റെ ചികിത്സയ്ക്കായി ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളില്‍ അല്‍ഷിഫ ബസും. കാപ്പാട് കണ്ണങ്കടവ് റൂട്ടിലോടുന്ന അല്‍ഷിഫ ബസ് ഇന്ന് സര്‍വ്വീസ് നടത്തുന്നത് സജീഷിന്റെ ചികിത്സയ്ക്കുവേണ്ടിയാണ്.

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ സജീഷിന് 60 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് ആവശ്യമായി വേണ്ടത്. ഈ തുക കണ്ടെത്താന്‍ വേണ്ടി വ്യത്യസ്തമായ പരിപാടികളുമായി മുന്നോട്ടു പോകുന്ന ചികിത്സാസഹായ കമ്മിറ്റിക്ക് കൈത്താങ്ങാവുകയാണ് അല്‍ഷിഫ ബസ്.

ഇത്തരത്തിലുള്ള സഹായവുമായി നിരവധി ഓട്ടോ ഡ്രൈവര്‍മാരും ബസ് ഓണേഴ്‌സും സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ചികിത്സാ സഹായ കമ്മിറ്റിയുടെ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഇ.കെ.ജുബീഷ് പറഞ്ഞു. ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായ ബസിന്റെ ഓണര്‍ ബഷീറിനും അതിലെ ജീവനക്കാര്‍ക്കും ഇതിന് നേതൃത്വം കൊടുത്ത കൊയിലാണ്ടി വര്‍ക്ക് ഷോപ്പ് കൂട്ടായ്മയുടെ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി അറിയിക്കുന്നതായി ചികിത്സാ സഹായ കമ്മിറ്റി വേണ്ടി കമ്മിറ്റി ട്രഷറര്‍ മധു മാസ്റ്റര്‍ പറഞ്ഞു.

അക്കൗണ്ട് വിവരങ്ങള്‍:

സജീഷ് ചികിത്സ സഹായ സമിതി
കേരള ഗ്രാമീണ്‍ ബാങ്ക്

അക്കൗണ്ട് നമ്പര്‍: 40235101090611
ബ്രാഞ്ച്: ചെങ്ങോട്ടുകാവ്
IFSC code : KLGB0040235