ചെറുവണ്ണൂരില്‍ ജിഷ്ണുവിന്റെ ദുരൂഹമരണം: ആരോപണ വിധേയരായ പൊലീസുകാര്‍ ക്രൈംബ്രാഞ്ചിനെ വഴിതെറ്റിക്കുന്നു, അന്വേഷണം ശരിയായ ദിശയിലല്ലെന്നും കുടുംബം
കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണവുമായി കുടുംബം. ലോക്കല്‍ പൊലീസ് ജില്ലാ ക്രൈംബ്രാഞ്ചിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും അയല്‍വാസികള്‍ ചേര്‍ന്ന് ഓട്ടോയിലാണ് ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്. എന്തുകൊണ്ട് പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഓട്ടോയ്ക്കായി കാത്തിരുന്നുവെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു.
പോക്‌സോ കേസിന്റെ അന്വേഷണത്തിനിടെ പൊലീസിനെ കണ്ട് ഓടിയ ജിഷ്ണു മതിലില്‍ നിന്നും വീണു മരിച്ചുവെന്നായിരുന്നു ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് കാലതാമസം വന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജിഷ്ണുവിനെ വീടിനു സമീപം ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വയനാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ നല്ലളം പൊലീസ് ജിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു. ഇത് കഴിഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് യുവാവിന് വഴിയരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
[bot1]