ആളും ആരവവും ഒഴിഞ്ഞു, ഇനി വരുംവര്‍ഷം കാണാം; കൊയിലാണ്ടി സ്റ്റേഡിയത്തെ ആവേശക്കടലാക്കിയ എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് ആവേശകരമായ അവസാനം- ചിത്രങ്ങള്‍ കാണാം
കൊയിലാണ്ടി: അണിഞ്ഞൊരുങ്ങിയ കൊയിലാണ്ടി സ്റ്റേഡിയം, നേരം ഇരുട്ടുന്നതോടെ തിങ്ങിനിറഞ്ഞ കാണികള്‍, കളി തുടങ്ങിയാല്‍ കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ പ്രേമികളെയാകെ കാന്തംപോലെ സ്‌റ്റേഡിയത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ഫുട്‌ബോള്‍ ആവേശം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊയിലാണ്ടി ഇങ്ങനെയായിരുന്നു. ഇന്നലെ കളി കഴിഞ്ഞ് കപ്പുമായി കളിക്കാര്‍ മടങ്ങുമ്പോള്‍ കാണികളുടെ മുഖത്ത് തെല്ലൊരു വിഷാദമായിരുന്നു, ഏറെ കാത്തിരുന്ന എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കണ്ണ് ചിമ്മി തുറക്കുംപോലെ കഴിഞ്ഞുപോയല്ലോ എന്നോര്‍ത്ത്.
കൊയിലാണ്ടിയുടെ ഫുട്‌ബോള്‍ ആവേശം കണക്കിലെടുത്ത് ഇത്തവണ കൂടുതല്‍ പെരുമയോടെ ഒരു ഫുട്‌ബോള്‍ മേളയായാണ് എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിയത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്രയും നിറഞ്ഞ സ്റ്റേഡിയത്തില്‍ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കൊയിലാണ്ടി സാക്ഷ്യം വഹിച്ചത്. പ്രധാന ടൂര്‍ണമെന്റിന് പുറമേ അണ്ടര്‍ 17 മത്സരവും പ്രാദേശിക ടീമുകളുടെ മത്സരവും. എല്ലാ മത്സരങ്ങള്‍ക്കും സ്റ്റേഡിയം നിറയെ കാണികള്‍, എല്ലാ കണ്ണുകളും ഗ്രൗണ്ടില്‍ നിന്ന് നിങ്ങുന്ന ആ ബോളിനും അതിനെ പിന്തുടരുന്ന കാലുകള്‍ക്കും പിന്നാലെയായി. ആര്‍പ്പുവിളിച്ചും, കയ്യടിച്ചും അടിക്കെടാ… വിളികളോടെ ഒരു നാടാകെ ആ ടൂര്‍ണമെന്റില്‍ ലയിക്കുകയായിരുന്നു.
ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടിയാണ് പ്രധാന കളിയില്‍ കപ്പ് നേടിയത്. ഫൈനലില്‍ ജ്ഞാനോദയം ചെറിയമങ്ങാടിനെ 1-0 നാണ് ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടി പരാജയപ്പെടുത്തിയത്. ജ്ഞാനോദയം ചെറിയമങ്ങാടിന്റെ പൊന്നൂസ് ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ എര്‍ത്ത് മൂവേഴ്‌സിന്റെ അബ്ബാസ് ആന്റണിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ബെസ്റ്റ് ഗോള്‍കീപ്പര്‍ ആയി ജ്ഞാനോദയത്തിന്റെ കമറുവും ബെസ്റ്റ് ഡിഫന്റര്‍ ആയി ജനറല്‍ എര്‍ത്ത് മൂവേഴ്സിന്റെ ഏലിയാസും തിരഞ്ഞെടുക്കപ്പെട്ടു.
പ്രാദേശിക ടൂര്‍ണമെന്റില്‍ ജ്ഞാനോദയം ചെറിയമങ്ങാടാണ് കപ്പ് നേടിയത്. 2-0ത്തിനാണ് ജ്ഞാനോദയം ചെറിയ മങ്ങാട് ഹില്‍വാലി കിള്ളവയലിനെ തകര്‍ത്തത്. അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ സാക്ക് കല്ലായിയാണ് വിജയകിരീടം ചൂടിയത്. 3-1നാണ് സാക്ക് കല്ലായി എതിരാളികളെ തറപറ്റിച്ചത്. ബെയ്സ് കൊയിലാണ്ടിയാണ് റണ്ണേഴ്സ് അപ്പ്.
ഇന്നലെ നടന്ന പ്രധാന ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരങ്ങള്‍ക്ക് ആവേശം പകരാന്‍ മന്ത്രി മുഹമ്മദ് റിയാസുമുണ്ടായിരുന്നു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയാണ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചത്.