രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ മാമാങ്കത്തിനൊരുങ്ങി കൊയിലാണ്ടി; എ.കെ.ജി ഫുട്‌ബോള്‍ മേളയുടെ ആരവം നാളെമുതല്‍
കൊയിലാണ്ടി: നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് ഒരുങ്ങി കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം. നാളെ വൈകുന്നേരത്തെ ഉദ്ഘാടന പരിപാടിയ്ക്കു പിന്നാലെ മത്സരങ്ങള്‍ തുടങ്ങും.
സ്റ്റേഡിയത്തിലെ എന്‍.കെ.ചന്ദ്രന്‍ സ്മാരക ഗ്രൗണ്ടില്‍ കാനത്തില്‍ ജമീല എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ മുഖ്യാതിഥിയായിരിക്കും.
എ.കെ.ജി ട്രോഫിക്കും ടി.വി.കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്‌സ് അപ്പ് ട്രോഫിക്കുമായി നടക്കുന്ന മത്സരത്തില്‍ സംസ്ഥാനത്തെ എട്ട് പ്രമുഖ ടീമുകള്‍ മത്സരിക്കും. ആദ്യദിനമായ വെള്ളിയാഴ്ച്ച ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടിയും ഓസ്‌കാര്‍ എളേറ്റിലും ഏറ്റുമുട്ടും. വൈകുന്നേരം ഏഴുമണിയോടെയാണ് മത്സരം ആരംഭിക്കും. ഏവര്‍ക്കും പ്രവേശനം സൗജന്യമാണ്.
ഫിക്‌സ്ചര്‍:
മെയ് 5: ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി – ഓസ്‌കാര്‍ എളേറ്റില്‍
മെയ് 6: എ.ബി.സി പൊയില്‍ക്കാവ്- ചെല്‍സി വെളിപറമ്പ്
മെയ് 7: ബ്ലാക്‌സണ്‍ തിരുവോട്- ടൗണ്‍ ടീം സണ്‍ഡേറോഡ് കോഴിക്കോട്
മെയ് 9: മലബാര്‍ യുണൈറ്റഡ്- എഫ്.സി പൊയില്‍ക്കാവ്
ആദ്യ രണ്ട് ദിവസത്തിലെ മത്സരവിജയികള്‍ ഏറ്റുമുട്ടുന്ന സെമിഫൈനല്‍ മെയ് 11ന് നടക്കും. രണ്ടാം സെമിഫൈനല്‍ മെയ് പതിനാലാം തിയ്യതിയാണ്. മെയ് പതിനെട്ടിനാണ് ഫൈനല്‍ മത്സരം അരങ്ങേറുക.
ഫുട്‌ബോള്‍ കളിക്കാരായ കൊയിലാണ്ടിയിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള മത്സരവും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. കൊയിലാണ്ടി, പൊയില്‍ക്കാവ്, കോഴിക്കോട്, വടകര എന്നിങ്ങനെ നാല് ടീമുകളാണ് മത്സരിക്കുന്നത്. ഈ മത്സരങ്ങളുടെ സമയക്രമം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.