അകലാപ്പുഴ ജനകീയ കൂട്ടായ്മയുടെ വിജയം; കീഴരിയൂര്‍ ഫെസ്റ്റ് രണ്ടാം ദിവസം പിന്നിടുമ്പോള്‍ ഒഴുകിയെത്തുന്നത് നിരവധി ജനങ്ങള്‍


കൊയിലാണ്ടി: അകലാപ്പുഴ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച കീഴരിയൂര്‍ ഫെസ്റ്റിന് രണ്ടാം നാളില്‍ വന്‍ ജനപങ്കാളിത്തം.
മൂന്നാം ദിവസമായ ഇന്ന് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ ജീവിത ശൈലീ രോഗനിര്‍ണയ ക്യാംമ്പും വൈകീട്ട് കായല്‍ ടൂറിസം പ്രശ്‌നങ്ങളും സാധ്യതകളും നടന്ന സെമിനാര്‍ കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ ഹരി അച്ചുതവാരിയര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം രാജീവന്‍ കടലൂര്‍ അധ്യക്ഷത വഹിച്ചു. പോര്‍ട്ട് ഓഫിസ് സര്‍വയര്‍ ജോഷിന്‍ ലൂക്കോസ് വിഷയവ തരണം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ ദിനേഷ് ബേബി, വി.പി.രഘുനാഥ്, പ്രോഗ്രാം കണ്‍വീനര്‍ ദാസന്‍ എടക്കുളം കണ്ടി എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന്‌മെഗാ തിരുവാതിരയും ഐക്യകേരള കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു. രാത്രി 8 ന് നടന്ന കലാസന്ധ്യ കണ്ണൂര്‍ ഡി എം ഒ പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ കെ.മുരളീധരന്‍, നിഷ വല്ലി പടിക്കല്‍, ജലജ കുറുമയില്‍, കേളോത്ത് മമ്മു, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ.എം സുരേഷ് ബാബു, ജോ. കണ്‍വീനര്‍ ഒ.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സരോവരം സ്‌കൂള്‍ ഓഫ് പെര്‍ഫോമിംങ് ആര്‍ട്‌സിന്റെ കലാപ്രകടനങ്ങള്‍ അരങ്ങേറി.

ഇന്ന് പ്രദേശിക കലാകാര സംഗമം ചലചിത്ര പിന്നണി ഗായിക ആര്യനന്ദ ആര്‍ ബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് റാന്തല്‍ തിയേറ്റര്‍ വില്ലേജ് ഒരുക്കുന്ന സാംസ്‌കാരിക സായാഹ്നവും മാലത്ത് നാരായണന്‍ പുരസ്‌കാര സമര്‍പ്പണവും രാത്രി 8 ന് നാടന്‍ പാട്ടുകള്‍.,രാത്രി 9 മണിക്ക് ഭാസ അക്കാദമി അവതരിപ്പിക്കുന്ന നാടകം ‘എരി’ എന്നിവയും അരങ്ങേറും.