വീടുകള്‍ തോറും കയറിയുള്ള വിവരശേഖരണം ഡിസംബര്‍ അവസാനം മുതല്‍; കാര്‍ഷിക സെന്‍സസ് പരിശീലന പരിപാടിയ്ക്ക് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: കാര്‍ഷിക സെന്‍സസ് 2021-22 ന്റെ കൊയിലാണ്ടി താലൂക്ക് തല പരിശീലന പരിപാടിക്ക് കൊയിലാണ്ടിയില്‍ തുടക്കം. കൈരളി ഓഡിറ്റോറിയത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സുനില്‍ കുമാര്‍.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ്.വി മുഖ്യാതിഥിയായിരുന്നു. അഡീഷണല്‍ ജില്ലാ ഓഫീസര്‍ രാധാകൃഷ്ണന്‍.പി, റിസര്‍ച്ച് ഓഫീസര്‍ അബ്ദുള്‍ ഗഫൂര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പക്ടര്‍ സുജയ.ഇ, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ രജീഷ്.കെ എന്നിവര്‍ സംസാരിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ലോകവ്യാപകമായി സംഘടിപ്പിച്ചു വരുന്ന കാര്‍ഷിക സെന്‍സസിന്റെ കേരളത്തിലെ നടത്തിപ്പ് ചുമതല ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനാണ്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് സര്‍വ്വെയുടെ ലക്ഷ്യം.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ഈ സര്‍വ്വെയുടെ ഒന്നാം ഘട്ടം തിരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ തോറും കയറിയുള്ള വിവരശേഖരണം ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നേതൃത്വം നല്‍കുന്ന സര്‍വ്വേക്ക് എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് പി.ബാബുരാജ് ഉറപ്പ് നല്‍കി.

പരിശീലന പരിപാടിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ്.വി, റിസര്‍ച്ച് ഓഫീസര്‍ അബ്ദുള്‍ ഗഫൂര്‍, ടി.എസ്.ഒ സുനില്‍ കുമാര്‍, ഇന്‍വെസ്റ്റിഗേറ്റര്‍മാരായ ബ്രിജില്‍.കെ.പി, സിജില്‍.കെ.ജെ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.