‘തുഷാരഗിരി -കാപ്പാട് സ്റ്റേറ്റ് ഹൈവേ തന്നെ ഇല്ലാതാക്കിയ അധികൃതരുടെ നടപടിക്കെതിരെ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങുക’; ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം, ജനുവരി 6 ന് കുത്തിയിരിപ്പ് സമരം
കൊയിലാണ്ടി: തിരുവങ്ങൂരിലെ അശാസ്ത്രീയവും ജനദ്രോഹവുമായ ദേശീയപാതയിലെ അണ്ടര്‍പാസ്സ് നിര്‍മ്മാണത്തിനെതിരെ
ബഹുജന പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ മെമ്പര്‍ എംപി. മൊയ്തീന്‍ കോയ അറിയിച്ചു.
ജനുവരി 6ന് മലാപ്പറമ്പിലെ ദേശീയപാത അതോറിറ്റി പ്രോജക്‌ററ് ഡയറക്റ്ററുടെ ഓഫീസില്‍ രാവിലെ 9മണിക്ക് കുത്തിയിരുപ്പ് സമരം നടത്താനും തീരുമാനിച്ചു. ചേമഞ്ചേരിയിലെ പല ഭാഗത്തും ദേശീയപാതയിലെ സര്‍വ്വീസ് റോഡിന്റെ വീതി കുറവും ഡ്രൈനേജിന്റെ സ്ലാബ് വേണ്ടത്ര ഗുണനിലവാരമില്ലാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുവെന്നും മുവ്വായിരത്തി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും, ദിവസേന നൂറുകണക്കിന് രോഗികള്‍ എത്തിച്ചേരുന്ന തിരുവങ്ങൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കുമുള്ള യാത്രാദുരിതം വര്‍ധിക്കുകയാണനെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.
തിരുവങ്ങൂരില്‍ ഇപ്പോള്‍ നിര്‍മ്മിച്ച അണ്ടര്‍പാസ്സ് കാപ്പാട് റോഡ് ജങ്ഷന്‍ വരെ ദീര്‍ഘിപ്പിച്ച് ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തില്‍
ഡോ അബൂബക്കര്‍ കാപ്പാട്, പികെ. മുനീര്‍, സാദിക്ക് അവീര്‍ എന്നിവര്‍ പങ്കെടുത്തു.