ഓര്‍മ്മകളില്‍ മനോജ് കെ.ജയന്‍ ഇന്ന് ‘കുട്ടന്‍ തമ്പുരാനായിരുന്നു’; മൂന്ന് പതിറ്റാണ്ടിനുശേഷം വീണ്ടും മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തില്‍ താരമെത്തിയപ്പോള്‍- വീഡിയോ കാണാം
കൊയിലാണ്ടി: എത്ര പ്രായമുള്ളവരെയും ഓര്‍മ്മകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചെറുപ്പക്കാരാക്കും, യൗവ്വനത്തിന്റെ കരുത്തും കഴിവുമൊക്കെയുള്ള ആ മനോഹര വര്‍ഷങ്ങളിലേക്ക്. മൂന്നുപതിറ്റാണ്ടിനുശേഷം മുചുകുന്ന് കോട്ടയില്‍ കോവിലകം ക്ഷേത്രത്തിലെത്തിയ സിനിമാതാരം മനോജ് കെ.ജയനും ഓര്‍മ്മകളിലൂടെ അത്തരമൊരു യാത്ര പോയിരിക്കുമെന്ന് ഉറപ്പാണ്.
മനോജ് കെ.ജയന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സര്‍ഗം’ എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന് ചവിട്ടിനിന്നത് മുചുകുന്നിന്റെ മണ്ണിലായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ മനോജ് കെ.ജയന്റെ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ ഇന്നും സിനിമാ ആസ്വാദകരുടെ മനസില്‍ മായാതെ കിടപ്പുണ്ട്.
32 വര്‍ഷങ്ങള്‍ക്കിപ്പുറം കോട്ടയില്‍ കോവിലകം ക്ഷേത്രത്തില്‍ പന്തല്‍സമര്‍പ്പണത്തിനായാണ് മനോജ് കെ.ജയന്‍ ഇന്ന് രാവിലെ എത്തിയത്. അഭിനയ ജീവിതത്തില്‍ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ക്ഷേത്രപരിസരത്തിലൂടെയുള്ള നടത്തം അദ്ദേഹത്തെ പലതും ഓര്‍മ്മിപ്പിച്ചിട്ടുണ്ടാവും.
കന്യാവനത്തിന് നടുവിലായി ശില്പചാരുതയിലൊരുക്കിയ ചെങ്കല്‍പ്പടവുകളുള്ള ക്ഷേത്രക്കുളം സിനിമയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് ഒരിക്കല്‍ ആ കുളത്തിലും കുളപ്പടവുകളിലും സമയം ചെലവഴിച്ചാണ് മനോജ് കെ.ജയന്‍ മടങ്ങിയത്. തങ്ങളുടെ നാടിനെ തന്നെ ഏറെ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയ സിനിമയിലെ പ്രധാനതാരമായിരുന്നയാളെ കാണാന്‍ നാട്ടുകാരുടെ വലിയ തിരക്കായിരുന്നു ഇന്ന് ക്ഷേത്രത്തില്‍. ഏവരുടെയും മനസുകവര്‍ന്നാണ് മനോജ് കെ.ജയന്‍ ഇവിടെ നിന്ന് മടങ്ങിയത്.