കുറുവ സംഘത്തിന് പിന്നാലെ ഭീതിപരത്തി കേരളത്തിൽ ഇറാനി ഗ്യാങും; രണ്ട് പേർ റിമാൻഡിൽ, പിടിയിലായത് സ്വർണക്കടയിലെ മോഷണത്തിനിടെ


ഇടുക്കി: കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി പരത്തി ഇറാനി ഗ്യാങ് മോഷ്ടാക്കളും. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങിൽ ഉൾപ്പെട്ട രണ്ടു പേർ പിടിയിലായി. തമിഴ്‌നാട് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ് പിടിയിലായത്.

ഇടുക്കി നെടുങ്കണ്ടത്ത് സ്വർണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലായത്. പടിഞ്ഞാറെ കവലയിലുള്ള സ്റ്റാർ ജുവെൽസിലാണ് മോഷണശ്രമം നടന്നത്. ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികൾ ആഭരണങ്ങൾ നോക്കുന്നതിനിടെ സ്വർണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു. ഇത് കണ്ട ഉടമ കയ്യോടെ ഇയാളെ പിടികൂടി. ഇതിനിടെ പ്രതികളിലൊരാൾ കടയിൽ നിന്ന് ഇറങ്ങിയോടി.

ബസിൽ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുബാറക് പൊലീസിന്റെ പിടിയിലായത്.കുറുവസംഘത്തിന് സമാനമായി രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറുസംഘങ്ങളായാണ് ഇറാനി ഗ്യാങ്ങും മോഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു.