വിയ്യൂര്‍- ചോര്‍ച്ചപ്പാലം മണ്ണിട്ട് ഉയര്‍ത്തല്‍: നാട്ടുകാരുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചോര്‍ച്ചപ്പാലം റോഡിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി അധികൃതര്‍


കൊയിലാണ്ടി: പ്രതിഷേധത്തിനൊടുവില്‍ വിയ്യൂര്‍ ചോര്‍ച്ചപ്പാലം റോഡിലൂടെ യാത്ര ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വിയ്യൂര്‍ ചോര്‍ച്ചപ്പാലം റോഡ് മണ്ണിട്ട് ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധവുമായാണ് നാട്ടുകാര്‍ രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം മണ്ണിട്ട് ഉയര്‍ത്തുന്നത് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. ചോര്‍ച്ചപ്പാലം റോഡ് മണ്ണിട്ട് ഉയര്‍ത്തിയാല്‍ ഒരുപ്രദേശമാകെ ഒറ്റപ്പെട്ട നിലയിലാകും. നിലവില്‍ ബസ് റൂട്ടുകളോ മറ്റു പൊതു വാഹന സൗകര്യങ്ങളോ ഇല്ലാത്ത ഒരു പ്രദേശത്തെ ഏക ആശ്രയമായിരുന്ന ചോര്‍ച്ചപ്പാലം റോഡ് അടയ്ക്കാന്‍ ആറുവരിപാത ബൈപ്പാസ് നിര്‍മ്മാണ കമ്പനി തീരുമാനിച്ചതാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വരാന്‍ കാരണമായത്.

മണ്ണിട്ട് ഉയര്‍ത്തുന്നതോടെ കൊയിലാണ്ടി -കൊല്ലം ഭാഗത്തേക്കുളള ബന്ധം വിച്ഛേദിക്കപ്പെടും. കഴിഞ്ഞ ദിവസം നാട്ടുകാര്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ഇന്ന് രാവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചോര്‍ച്ച പാലത്തിന് സമീപം എത്താമെന്ന് പറഞ്ഞങ്കിലും എത്താതായതോടെ കൗണ്‍സിലര്‍ ഷീബ അരീക്കലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് നിര്‍മ്മാണ കമ്പനിയുടെ വാഹനങ്ങളും നിര്‍മ്മാണ പ്രവൃത്തികളും തടഞ്ഞുവച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും സ്ഥലം പരിശോധിക്കുകയും ചെയ്തു.

ചോര്‍ച്ചപ്പാലം റോഡിലേക്ക് യാത്ര ചെയ്യാനുളള തരത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍
്അംഗീകരിച്ചതോടെയാണ് പ്രവൃത്തി പുനരാരംഭിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് കെ.സത്യന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് മാസ്ററര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരും സംഭവസ്ഥലത്ത് എത്തിയിരുന്നു.