തലശ്ശേരിയില്‍ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു; മരിച്ചെന്ന് കരുതി ഭര്‍ത്താവ് ജീവനൊടുക്കി


തലശ്ശേരി: പിണറായിയിൽ ഭാര്യയെ തലക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം വീട്ടിൽ പൊളുക്കായി രവീന്ദ്രൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ രവീന്ദ്രന്‍ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.

അടിയില്‍ ഗുരുതരമായി പരിക്കേറ്റ പ്രസന്നയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.എന്നാല്‍ ഭാര്യ മരിച്ചെന്ന് കരുതിയ രവീന്ദ്രന്‍ വീടിന്റെ മുകള്‍ നിലയില്‍ കയറി തൂങ്ങി മരിച്ചെന്നാണ് നിഗമനം. മൃതദേഹം തലശ്ശേരി ഗവ.ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

മാലൂര്‍ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വാടകയ്ക്ക് താമസിച്ച് തുടങ്ങിയത്. ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്.