നന്തി തേമന്തോട്ടില് നിന്നും കിട്ടിയത് അപകടകാരികളായ ആറ് ആഫ്രിക്കന്‍ മുഴുക്കളെ; മറ്റ് മത്സ്യങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് നാട്ടുകാര്‍
കൊയിലാണ്ടി: നന്തി 20ാം മൈലിലെ തേമന്‍ തോട്ടില്‍ നിന്നും ആഫ്രിക്കന്‍ മുഴുക്കളെ കൂട്ടത്തോടെ ലഭിച്ചത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നു. മറ്റ് മീനുകളുടെ വംശനാശത്തിന് വഴിവെക്കാവുന്ന അപകടകാരിയാണ് ഈ മത്സ്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആറ് ആഫ്രിക്കന്‍ മുഴുക്കളെയാണ് ഇന്നലെ രാത്രി പിടികൂടിയത്. രജീഷ്, കാട്ടുപറമ്പില്‍ പ്രേമന്, നദീം എന്നിവരും സുഹൃത്തുക്കളും ചേര്‍ന്നാണ് മുഴുക്കളെ പിടികൂടിയത്.
പണ്ടുകാലത്ത് ബണ്ടുകള്‍ കെട്ടി ആഫ്രിക്കന്‍ മുഴുക്കളെ വളര്‍ത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കോഴി പാട്സും മറ്റും നല്‍കിയാണ് ഇവയെ വളര്‍ത്തിയിരുന്നത്. മുമ്പെങ്ങോ ബണ്ടുകള്‍ തകര്‍ന്നോ മറ്റോ രക്ഷപ്പെട്ട മുഴുക്കള് പെരുകിയതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പത്തുകിലോയോളം തൂക്കം വരുന്ന വലിയ ആഫ്രിക്കന്‍ മുഴുക്കളെയാണ് ലഭിച്ചിരിക്കുന്നത്.
ഇവ ചെറുമീനുകളെ ഭക്ഷിക്കുമെന്നും പരമ്പരാഗതമായ തോടുകളിലുണ്ടാകുന്ന മീനുകളുടെ വംശനാശത്തിനു തന്നെ വഴിവെക്കുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. കഴിഞ്ഞവര്‍ഷം പുതുമഴ പെയ്ത് വെള്ളം കയറിയ സമയത്ത് ഇതേപോലുള്ള ഒരു ആഫ്രിക്കന്‍ മുഴുവനെ കിട്ടിയിരുന്നു. എന്നാല്‍ കൂട്ടത്തോടെ ഇത്രയും എണ്ണം ലഭിക്കുന്നത് ആദ്യമായാണെന്നും ഇവര്‍ പറയുന്നു.
ചെറിയൊരു ഈര്‍പ്പത്തില്‍ പോലും അതിജീവിക്കാന്‍ ശേഷിയുണ്ട് ഇവയ്ക്കെന്നാണ് ഇവര്‍ പറയുന്നത്. ചളിയില്‍ പുതഞ്ഞ് നിന്ന് ഏറെക്കാലം ഇവ അതിജീവിക്കും.