യുവ തലമുറക്ക് വഴികാട്ടിയാവേണ്ടത് സീനിയര്‍ അഭിഭാഷകര്‍- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; അഡ്വ: ഏരത്ത് ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ ഇ-ഫയലിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷനോട് ചേര്‍ന്നു നിര്‍മ്മിച്ച അഡ്വ: ഏരത്ത് ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ ഇ-ഫയലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവ അഭിഭാഷകര്‍ നിയമ മേഖലക്ക് മുതല്‍ കൂട്ടവേണ്ടതാണെന്നും ആയതിനു സാങ്കേതിക വിദ്യയുടെ വഴികള്‍ തിരഞ്ഞെടുക്കേണ്ടതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും റാങ്കോടു കൂടെ എല്‍.എല്‍.എം പഠനം പൂര്‍ത്തീകരിച്ച അഡ്വ വിനിഷയെ ചടങ്ങില്‍ അഭിനന്ദിച്ചു. ഇ-ഫയലിംഗ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് എന്നീ സൗകര്യങ്ങള്‍ ആണ് അഡ്വ ഏരത്ത് ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ ഇ-ഫയലിംഗ് സെന്ററില്‍ ഒരുക്കിയിട്ടുള്ളത്.

ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: എ. വിനോദ് കുകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ്, കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് എന്‍.ആര്‍ കൃഷ്ണകുമാര്‍, സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്‌സോ ജഡ്ജ് കെ. നൗഷാദലി, സബ്ബ് ജഡ്ജ് വിശാഖ്, മുന്‍സിഫ് രവീണ നാസ്, മജിസ്ട്രേറ്റ് അജികൃഷ്ണന്‍, അഡ്വ സി.എസ് ജതീഷ് ബാബു, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ: ബിനോയ് ദാസ് വി.വി, ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ ലിജിന്‍ എന്‍.കെ, ദിവ്യ എസ്, അഡ്വ അജിമില എന്നിവര്‍ സംസാരിച്ചു.