കൊയിലാണ്ടി സ്വദേശി ആദിദേവിന്റെ അഭ്യര്‍ത്ഥനയ്ക്ക് ഫലമുണ്ടായി; കാണാതായ സൈക്കിള്‍ പന്തലായനി ഭാഗത്ത് കണ്ടെത്തി


കൊയിലാണ്ടി: കൊയിലാണ്ടിക്കാരനായ ആറാം ക്ലാസുകാരന്‍ ആദിദേവിന്റെ അഭ്യര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. ആദിദേവിന്റെ കാണാതായ സൈക്കിള്‍ പന്തലായനി ഭാഗത്തുനിന്നും കിട്ടി.
റെയില്‍വേ സ്റ്റേഷന് കിഴക്കുവശത്തുള്ള സൗപര്‍ണികയില്‍ ഷഗീഷ്, രംഷ ദമ്പതികളുടെ മകനായ ആദിദേവിന്റെ സൈക്കിള്‍ ആഗസ്റ്റ് രണ്ടാം തിയ്യതിയാണ് കാണാതായത്. തലേദിവസം രാത്രി കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് സൈക്കിള്‍ നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സൈക്കിള്‍ പന്തലായനി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തുനിന്നും കണ്ടെത്തിയത്. ആദിദേവിന്റെ സൈക്കിള്‍ കാണാതായ വിവരം സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈക്കിള്‍ ശ്രദ്ധയില്‍പ്പെട്ട ആരോ ഷഗീഷിന് മെസേജ് അയക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സൈക്കിള്‍ പന്തലായനി ഭാഗത്ത് കണ്ടതായി സന്ദേശമെത്തിയത്. രാവിലെ ആദിദേവും ബന്ധുക്കളുമെത്തി പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. വണ്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കും.