നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാടക രംഗത്ത് നിന്നാണ് കവിയൂര്‍ പൊന്നമ്മ സിനിമയിലേക്ക് എത്തുന്നത്.
ആറ് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962ല്‍ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരിയെ ആയാണ് വേഷമിട്ടത്. 17974 ല്‍ പുറത്തിറങ്ങിയ ‘നെല്ല്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 1980 കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത നടിയായിരുന്നു.
ടിവി സീരിയലുകളിലും പരസ്യങ്ങളിലും ഒരുപോലെ തിളങ്ങിയിരുന്നു. അഭിനയത്തിന് പുറമെ ഗായികയായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1971, 1972, 1973, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ കവിയൂരില്‍ ടി.പി ദാമോദരന്‍ – ഗൗരി ദമ്പതികളുടെ മകളാണ്. സിനിമ നിര്‍മാതാവ് എം.കെ മണിസ്വാമിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജീവിത പങ്കാളി. ഏക മകള്‍ ബിന്ദു. നടി കവിയൂര്‍ രേണുക സഹോദരിയാണ്.
Description: Actress Kaviyoor Ponnamma passed away