യുവനടിയുടെ ലൈംഗിക ആരോപണം; അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ധിഖ്‌


കൊച്ചി: യുവനടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ധിഖ്. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണു മോഹൻലാലിന് അയച്ച കത്തിലുള്ളത്.

വര്‍ഷങ്ങള്‍ മുമ്പ് തന്നെ യുവനടി സിദ്ധിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ വീണ്ടും യുവനടി മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്‌. മുൻപ്‌ ഇതു പറഞ്ഞപ്പോൾ ആരും കൂടെ നിന്നില്ലെന്നും വളഞ്ഞിട്ട് തന്നെ അക്രമിക്കുകയായിരുന്നു ചെയ്തതെന്നും നടി തുറന്ന് പറഞ്ഞിരുന്നു.

നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ധിഖിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് അമ്മ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്‌.

യുവനടി സിദ്ധിഖിനെതിരായി നടത്തിയ വെളിപ്പെടുത്തല്‍

പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസായിരുന്നു.

അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്നും രക്ഷപ്പെട്ടതാണ്. സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. 2019ല്‍ തന്നെ ഇക്കാര്യം പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത് എന്നായിരുന്നു യുവതി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

Description: Actor Siddique resigned from the post of general secretary of 'Amma'