‘ആമേനിലെ കൊച്ചച്ച൯’ ഇനി ഓര്‍മ; നടൻ നിർമൽ ബെന്നി അന്തരിച്ചു


കൊച്ചി: മലയാള ചലച്ചിത്ര നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തൃശൂർ ചേർപ്പു സ്വദേശിയാണ്.

”പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ച൯ എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം…..പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു” എന്നാണ് സഞ്ജയ് പടിയൂർ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്‌.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലെ കൊച്ചച്ചന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നിര്‍മല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. യൂട്യൂബ് വീഡിയോകളിലൂടെയും സ്‌റ്റേജ് പോഗ്രാമിലൂടെയുമാണ് സിനിമയിലേക്ക് വരുന്നത്.

2012 -ൽ പുറത്തിറങ്ങിയ നവാഗതർക്ക് സ്വാഗതം ആണ് ആദ്യചിത്രം. ആമേൻ, ദൂരം എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌.

Summary: Actor Nirmal Benny passed away