നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍


ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയെ തുടര്‍ന്നുണ്ട് തിക്കിലും തിരക്കലും യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ജൂബിലി ഹില്‍സിലെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ്.

ഡിസംബര്‍ 4 ന് രാത്രി ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ പുഷ്പ 2 പ്രീമിയറിനിടെ അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടര്‍ന്ന് 35 കാരിയായ ആരതി എന്ന സ്ത്രീ മരിച്ചിരുന്നു. ഈ സംഭവത്തില്‍ ഡിസംബര്‍ 5 ന്, അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റര്‍ മാനേജ്മെന്റിനും എതിരെ ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 105, 118 (1) പ്രകാരം ഹൈദരാബാദ് സിറ്റി പോലീസ് കേസെടുത്തിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബം നല്‍കിയ പരാതിയിലായിരുന്നു കേസ്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിന്റെ ഉടമകളില്‍ ഒരാള്‍, സീനിയര്‍ മാനേജര്‍, ലോവര്‍ ബാല്‍ക്കണിയിലെ സുരക്ഷ ജീവനക്കാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീ മരിച്ച സംഭവത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ ബുധനാഴ്ച തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.