”ഓവുചാലിലേക്ക് പെട്രോള്‍ കലര്‍ന്ന വെള്ളം ഒഴുക്കിയ പെട്രോള്‍ പമ്പ് ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം”; പേരാമ്പ്രയിലെ പമ്പുടമയ്‌ക്കെതിരെ പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി


പേരാമ്പ്ര: ഇന്ധന ചോര്‍ച്ച മൂലം അടച്ചിട്ട പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്തെ പെടോള്‍ പമ്പില്‍ നിന്നും പെട്രോള്‍ കലര്‍ന്ന വെള്ളം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോള്‍ പമ്പ് ഉമടക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെട്രോള്‍ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കുഴി എടുത്തപ്പോള്‍ വന്ന പെട്രോള്‍ കലര്‍ന്ന വെള്ളമാണ് മോട്ടോര്‍ ഉപയോഗിച്ച് പൊതു ഓടയിലേക്ക് പമ്പ് ചെയ്ത് കഴിഞ്ഞ ദിവസങ്ങളായി ഒഴുക്കിവിട്ടത്.

കുഴികളിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളാല്‍ മലിനമായ വെള്ളവും, മണ്ണും എറണാകുളത്തെ കെ.ഇ.എല്ലിന്റെ മാലിന്യ സംസ്‌കരണ സംഭരണ ശാലയിലേക്ക് കൊണ്ട് പോയി സംസ്‌കരിക്കണമെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് പമ്പ് അധികൃതരുടെ ഈ നടപടി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സാനിറ്ററി ഇന്‍സ്പക്ടര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കി.

പെട്രോള്‍ കലര്‍ന്ന വെള്ളം ഓടയിലൂടെ ഒഴുകി പേരാമ്പ്ര മരക്കാടി തോടിലേക്കാണ് എത്തിച്ചേരുക, ഇതുമൂലം തോടുകളും നീര്‍ത്തടങ്ങളും, ജലസ്രോതസ്സുകളും വ്യാപകമായി മലീമസമാകും, ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകും.

ആക്ഷന്‍ കമ്മറ്റി യോഗത്തില്‍ ചെയര്‍മാന്‍വാര്‍ഡ് മെംബര്‍ സല്‍മനന്‍ മനക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഗേഷ്, ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ കെ.പത്മനാഭന്‍, ഡോക്ടര്‍ എസ്. ഇന്ദിരാക്ഷന്‍, സി.പി.എ. അസീസ്, എ.കെസജീന്ദ്രന്‍, കെ.പി റസാഖ്, കെ.പി രാമദാസന്‍, ബൈജു ഉദയ, ഡീലക്‌സ്മജീദ്, വി.പി സരുണ്‍ പ്രസംഗിച്ചു.