കത്തിയെടുത്ത് എസ്.ഐയെ വെട്ടി, ഒടുവില്‍ പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി എസ്.ഐ; നൂറനാട് നിന്നുള്ള വൈറല്‍ വീഡിയോ കാണാം
ആലപ്പുഴ: കത്തിയുമായി ആക്രമിച്ച പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ സാഹസികമായി കീഴടക്കിയ എസ്.ഐക്ക് കയ്യടിച്ച് സൈബര്‍ ലോകം. ആലപ്പുഴ ജില്ലയിലെ നൂറനാടാണ് സംഭവം. നൂറനാട് എസ്.ഐ വി.ആര്.അരുണ്‍ കുമാറാണ് കത്തിയുമായി ആക്രമിച്ച പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്.
പൊലീസ് ജീപ്പിനെ പിന്തുടര്ന്നെത്തിയതാണ് പ്രതി സുഗതന്. എസ്.ഐ ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ സുഗതന് ബൈക്കില്‍ കരുതിയ കത്തിയെടുത്ത് അദ്ദേഹത്തെ വെട്ടുകയായിരുന്നു. വെട്ടേറ്റെങ്കിലും പരിക്ക് വക വയ്ക്കാതെ എസ്.ഐ അരുണ്‍കുമാര്‍ പ്രതിയെ കീഴടക്കാനായി ശ്രമിച്ചു.
മല്‍പ്പിടുത്തത്തിനിടയില്‍ ഇരുവരും അടുത്തുള്ള സൈക്കിളിലേക്ക് മറിഞ്ഞു വീണു. ഉടന്‍ തന്നെ എസ്.ഐ പ്രതിയെ കീഴടക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഈ വീഡിയോ വായനക്കാര്‍ക്ക് വാര്‍ത്തയുടെ അവസാനം കാണാം.
വീഡിയോയ്ക്ക് ഒപ്പം കേരള പൊലീസ് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:
വെട്ടിയ പ്രതിയെ മല്‍പ്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി എസ്.ഐ
സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ്.ഐയെ വാള് ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടുത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ് ഐ വി ആര് അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്.
നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന് (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.
വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടര്‍ വട്ടം വെച്ചു . ജീപ്പില്‍ നിന്നും ഇറങ്ങിയ എസ് ഐയെ വാള് ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോള്‍ വിരലുകളില്‍ പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടുത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളില്‍ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.