കുരുടിമുക്കിലെയും അരിക്കുളത്തെയും ആക്രമങ്ങള്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും


അരിക്കുളം: അരിക്കുളത്തും കുരുടി മുക്കിലും കച്ചവടക്കാര്‍ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും രംഗത്ത്. ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെയാണ് മേപ്പയൂര്‍ റോഡില്‍ കച്ചവടം ചെയ്യുന്ന മനോജിന്റെ കടയ്ക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവാവ് ആക്രമം അഴിച്ചു വിട്ടത്. തുടര്‍ന്ന് തൊട്ടടുത്ത വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കയറി കടയുടെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു. മനോജിന്റെ കടയില്‍ കൊണ്ടുവച്ച കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗിച്ച് മനോജിനെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ചെന്ന നാട്ടുകാരില്‍ പലര്‍ക്കും പരിക്കേറ്റിരുന്നു. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ ചില്ലും ആക്രമി തകര്‍ത്തിരുന്നു.

സമാന രീതിയിലാണ് ഇന്ന് അരിക്കുളത്തും സംഘര്‍ഷമുണ്ടായത്. രാവിലെ എട്ടരയോടെ അരിക്കുളം യു.പി സ്‌കുളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലാണ് ആക്രമണം നടന്നത്. മൂന്നു പേരടങ്ങിയ സംഘം കടയില്‍ അതിക്രമിച്ച് കയറി മദ്യപിക്കുകയും അമ്മദിനെ ഉപദ്രവിക്കുകയുമായിരുന്നു.

ശ്രീധരന്‍ കണ്ണമ്പത്ത് (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്) കെ എം ശങ്കരന്‍ (വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട്) സത്യന്‍ ബ്രദേഴ്‌സ് (സിഐടിയു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട്.) റിയാസ് ഊട്ടേരി (ഐഎന്‍ടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.