നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി; വളയത്ത് കരുതൽ തടങ്കൽ നിയമം പ്രകാരം യുവാവ് അറസ്റ്റിൽ
വളയം: മയക്ക് മരുന്ന് കേസുകളിലെ കരുതൽ തടങ്കൽ നിയമം പ്രകാരം വളയത്ത് ഒരാൾ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടി നംഷിദി(37)നെയാണ് വളയം ഇൻസ്പെക്ടർ ഇ.വി ഫായിസ് അലി അറസ്റ്റുചെയ്തത്. ഒരുവർഷത്തേക്കാണ് പ്രതിക്കെതിരേ കരുതൽത്തടങ്കൽ നിയമം നടപ്പാക്കിയത്.
ചെന്നൈയിലെ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റീജണൽ ഓഫീസിൽ നിന്നുള്ള ഉത്തരവിനെ തുടർന്നാണ് നടപടി. അറസ്റ്റിലായ പ്രതിയെ ഇന്ന് തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് അയക്കും. വളയം, നാദാപുരം പോലീസ് സ്റ്റേഷനുകളിലായി നംഷിദിന്റെ പേരിൽ നാല് മയക്കുമരുന്നു കേസുകൾ നിലവിലുണ്ട്. 2022-ലും 2024-ലും യഥാക്രമം 17.47 ഗ്രാം, 19.65 ഗ്രാം എംഡിഎംഎയുമായി വളയത്തുനിന്നും 2023-ലും 2025-ലും യഥാക്രമം 30.5 ഗ്രാം, 0.28 ഗ്രാം എംഡിഎംഎയുമായി നാദാപുരത്തുനിന്നും നംഷിദ് പിടിയിലായിരുന്നു.
2024 ഏപ്രിലിൽ പ്രതിയെ ആറുമാസത്തേക്ക് കാപ്പചുമത്തി നാടുകടത്തിയിരുന്നു. കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. തുടർച്ചയായി ലഹരിവിൽപ്പന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായതോടെയാണ് കേന്ദ്രനിയമപ്രകാരമുള്ള പ്രത്യേക കരുതൽത്തടങ്കൽ പിഐടി (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർക്കോട്ടിക് ഡ്രഗ്സ്) നിയമം നടപ്പാക്കിയത്. കോഴിക്കോട് ജില്ലയിൽ ഈ വകുപ്പ് പ്രകാരം പൊലീസ് നടപടി സ്വീകരിച്ച ആദ്യത്തെ പ്രതിയാണ് നംഷിദ്.
Summary: Accused in several drug cases; Youth arrested under preventive detention act in Valayam.