കൊയിലാണ്ടി നഗരത്തില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു, രണ്ടര മാസത്തിനുള്ളില്‍ 75 വാഹനാപകടങ്ങള്‍; റോഡ് സുരക്ഷിതമാക്കാന്‍ ഇനിയെങ്കിലും ദ്രുതഗതിയിലുള്ള നടപടികള്‍ വേണമെന്ന ആവശ്യമുയരുന്നു
കൊയിലാണ്ടി: ദിവസം ലക്ഷക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയാണ് കൊയിലാണ്ടി നഗരത്തിലൂടെ കടന്നുപോകുന്നത്, എന്നാല്‍ വാഹനങ്ങളുടെയും യാത്രികരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കൊയിലാണ്ടിയില്‍ മതിയായ സംവിധാനങ്ങളില്ലാത്തതിനാല്‍ റോഡപകടങ്ങള്‍ പതിവാകുന്നു. റോഡില്‍ സീബ്രാലൈനുകളില്ലാത്തതും ആശുപത്രിയ്ക്കും സ്‌കൂളുകള്‍ക്ക് സമീപത്തും സൂചനാ ബോര്‍ഡില്ലാത്തതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതുമെല്ലാം റോഡപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
ആശുപത്രിയില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയ്ക്ക് മുന്നിലായി റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. മുമ്പ് ഇവിടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുമേല്‍ വാഹനങ്ങള്‍ ഇടിച്ച് അപകടങ്ങള്‍ സംഭവിച്ചിരുന്നു. ദേശീയപാതയില്‍ പലപ്പോഴും ഗതാഗതക്കുരുക്ക് മറികടക്കാനായുള്ള സ്വകാര്യ ബസുകളുടെ നിരതെറ്റിച്ചുള്ള ഓട്ടവും റോഡ് അപകടകരമാക്കുന്നു.
2025 ജനുവരി മുതല്‍ മാര്‍ച്ച് 15 വരെ 75 വാഹനാപകടങ്ങളാണ് കൊയിലാണ്ടിയിലുണ്ടായത്. ഇതില്‍ നാല് പേര്‍ മരണപ്പെട്ടു. 2024,23 വര്‍ഷങ്ങളില്‍ കൊയിലാണ്ടി ടൗണില്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്നാണ് കണക്ക്. മാര്‍ച്ച് ഒന്നിന് പഴയ മാര്‍ക്കറ്റിന് സമീപം വെച്ച് അരിക്കുളം യു.പി. സ്‌കൂള്‍ അധ്യാപകന്‍ അശോകന്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബസ്സിടിച്ചാണ് മരിച്ചത്. തിരക്കേറിയ മാര്‍ക്കറ്റ് പരിസരത്ത് സീബ്രാ ലൈന്‍ കാണാനേയില്ല. ഇവിടെ അപകടത്തില്‍ മരിച്ച അധ്യാപകന്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ അതുവഴി കടന്നുപോയ ലോറി നിര്‍ത്തിക്കൊടുത്തിരുന്നു, എന്നാല്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് അദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
ശനിയാഴ്ച താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് വെച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറി തട്ടി ചേലിയ അഹമ്മദ് കോയയും മരണപ്പെട്ടു. ഇതും സീബ്രാ ലൈന്‍ ഉണ്ടായിരുന്ന സ്ഥലമാണ്. മാര്‍ച്ച് 17ന് താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശം സ്വകാര്യ ബസ് ബൈക്കിലിടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ദേശീയ പാതയില്‍ എസ്.ബി.ഐ മുതല്‍ തെക്ക് പഴയ ചിത്രാ ടാക്കീസ് വരെ പത്ത് ഇടങ്ങളില്‍ സീബ്ര ലൈന്‍ ഉണ്ടായിരുന്നു. ഇന്ന് ഇവയില്‍ ഒന്നുപോലും ഇപ്പോള്‍ കാണാനില്ല. ദേശീയപാത അതോറിറ്റിയാണ് സീബ്രാ ലൈന്‍ പുനസ്ഥാപിക്കേണ്ടത്. എന്നാല്‍ ഇവര്‍ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെടുമ്പോള്‍ പ്രതിഷേധമുയരുമ്പോള്‍ അത് താല്‍ക്കാലികമായി പരിഹരിക്കുന്നതല്ലാതെ റോഡ് സുരക്ഷിതമാക്കാനുള്ള കാര്യങ്ങളൊന്നും ചെയ്യുന്നില്ല.
സീബ്രാ ലൈനുകള്‍ ഇല്ലാത്തത് കാരണം കാല്‍നട യാത്രക്കാര്‍, പ്രത്യേകിച്ച് പ്രായമായവരും വിദ്യാര്‍ഥികളും റോഡ് ക്രോസ് ചെയ്യാന്‍ പെടാപാട് പെടുകയാണ്. ദിവസം ആയിരക്കണക്കിന് രോഗികളെത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്കും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബോയ്‌സ് സ്‌കൂളിന് സമീപത്തുമൊന്നും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള സംവിധാനങ്ങളില്ല.
നിയമവിരുദ്ധമായി റോഡ് മുറിച്ച് കടക്കുന്ന വരെ ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡുകള്‍ അപകട സാധ്യത പറഞ്ഞ് ബോധ്യപ്പെടുത്തി പലപ്പോഴും തിരിച്ച് വിടുകയാണ് ചെയ്യാറ്. ഗവ. വൊക്കഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്തുകൂടി വിദ്യാര്‍ത്ഥികള്‍ ഭീതി പരത്തിയാണ് റോഡ് മുറിച്ച് കടക്കാറ്. ഇവിടെ നിയവിരുദ്ധമായി ബസ്സുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ചെയ്യാറുണ്ട്.
കൊയിലാണ്ടിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നട യാത്രക്കാര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ദേശീയപാതയില്‍ സീബ്രാ ലൈനുകള്‍ എങ്ങ് പോയി എന്ന ചോദ്യമുയരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് കാല്‍നട യാത്രക്കാരാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ മരണപ്പെട്ടത്. നഗരത്തിലെ മിക്ക സീബ്രാ ലൈനുകളും പൂര്‍ണമായി മാഞ്ഞിരിക്കുകയാണ്. കാല്‍നട യാത്രക്കാര്‍ റോഡിന്റെ മറുവശത്തെത്താന്‍ ജീവന്‍ പണയംവെയ്ക്കേണ്ട സ്ഥിതിയാണ്.
റെയില്‍വെ യാത്രക്കാര്‍ ഈ ജംഗ്ഷനില്‍ നിന്നാണ് ബസ്സ് കയറുകയും ഇറങ്ങുകയും ചെയ്യാറ് ജനത്തിരക്കേറിയ താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശവും അപകട കേന്ദ്രമാണ്. കോടതി സമുച്ചയം ബസ്സ് സ്റ്റാന്റ്, തുടങ്ങിയ സ്ഥലങ്ങളിലും അപകടം പതിയിരിക്കുകയാണ്. സീബ്ര ലൈന്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗവ: സ്‌കൂള്‍ പി.ടി.എ ദേശീയപാത അതോറിറ്റിക്ക് നിവേദനം നലയിയിട്ട് മാസങ്ങളായി. എന്നാല്‍ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ദേശീയപാത ചോരക്കളമാകാതിരിക്കാന്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉടന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Summary: Accidents are recurring in Koyilandy city, 75 vehicle accidents in two and a half months