പതിമൂന്ന് ടണ്‍ താങ്ങാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട ഡ്രെയ്‌നേജ് ടിപ്പറിന്റെ ടയര്‍ കയറിയതോടെ തകര്‍ന്നു; നന്തി ഇരുപതാംമൈലില്‍ സര്‍വ്വീസ് റോഡിന്റെ ഡ്രൈയ്‌നേജ് തകര്‍ന്ന് ലോറി മറിഞ്ഞു
നന്തി ബസാര്‍: ദേശീയപാത നന്തി ഇരുപതാംമൈലില്‍ ഡ്രെയ്‌നേജ് സ്ലാബ് തകര്‍ന്ന് ലോറി അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ഭാഗത്തുനിന്നും കല്ലുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ദേശീയപാത നിര്‍മ്മാണ ജോലിയുടെ ഭാഗമായി കഴിഞ്ഞദിവസം നന്തി 20ാം മൈല്‍ ഭാഗത്ത് സര്‍വ്വീസ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ഈ റോഡിന് മതിയായ വീതിയില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് ഇരുപതാംമൈല്‍ അടിപ്പാത കര്‍മ്മസമിതി ഭാരവാഹികള്‍ പറയുന്നത്.
ഡ്രൈനേജിന് മുകളിലേക്ക് ലോറിയുടെ ടയര്‍ കയറിയതോടെ ഡ്രൈനേജ് തകര്‍ന്ന് ലോറി മറിയുകയായിരുന്നു. റോഡരികിലുള്ള പോസ്റ്റില്‍ താങ്ങി ലോറി നിന്നിരുന്നില്ലെങ്കില്‍ സമീപത്തെ വീട്ടിലേക്ക് മറിയുന്ന സ്ഥിതിയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
അപകടത്തെ തുടര്‍ന്ന് സര്‍വ്വീസ് റോഡ് വഴിയുളള ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. റോഡിന് വീതിയില്ലെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ക്കും ദേശീയപാത അതോറിറ്റിക്കും വാഗാഡിനുമെല്ലാം പരാതി നല്‍കിയിരുന്നെന്നാണ് അടിപ്പാത കര്‍മ്മസമിതി പ്രസിഡന്റ് ബഷീര്‍ പറയുന്നത്.
എന്നാല്‍ ഡ്രൈയ്‌നേജ് കൂടി റോഡായി ഉപയോഗപ്പെടുത്താമെന്നും പതിമൂന്ന് ടണ്‍വരെ ഭാരം താങ്ങാന്‍ ശേഷിയുണ്ട് എന്നൊക്കെയാണ് പ്രശ്‌നപരിഹാരമായി ദേശീയപാത അതോറിറ്റി പറഞ്ഞത്. എന്നാല്‍ രണ്ട് ടണ്‍ പോലുംവരാത്ത ലോറിയുടെ ഒരു ടയര്‍ കയറുമ്പോഴേക്കും തകരുന്ന അവസ്ഥയിലാണ് ഈ ഡ്രെയ്‌നേജുള്ളതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. എത്രയുംപെട്ടെന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.