കുറ്റ്യാടി ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്


കുറ്റ്യാടി: കുറ്റ്യാടി ചുരം ഒന്നാംവളവില്‍ മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സേലം സ്വദേശികളായ അക്ഷം (46), കാളിയപ്പന്‍ (61) എന്നിവര്‍ക്കാണ് പരിക്ക്. നിസ്സാരപരിക്കേറ്റ ഇവര്‍ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

വയനാട്ടില്‍നിന്നുവന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ കാബിനിലും പുറത്തുമായി നാലു സ്ത്രീകളുള്‍പ്പെടെ 13 പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കൊന്നും പരിക്കുകള്‍ ഇല്ല.

അതേസമയം ശനിയാഴ്ച രാവിലെയും ചുരത്തില്‍ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. വയനാട്ടില്‍നിന്ന് വടകര ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ കാറായിരുന്നു പത്താംവളവില്‍ നിന്നും നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ഈ അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.

വീതികുറഞ്ഞ ചുരം റോഡില്‍ അപകടപരമ്പര ആവര്‍ത്തിക്കുന്നത് ആശങ്ക കൂട്ടുന്നു. റോഡിലെ ദിശാസൂചികകളും മുന്നറിയിപ്പ് ബോര്‍ഡുകളുമൊക്കെ നശിച്ച നിലയിലാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.