മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് അപകടം; ട്രാന്‍സ്‌ഫോമര്‍ തകര്‍ന്ന് കാറിന് മുകളിലേയ്ക്ക് വീണു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മേപ്പയ്യൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ട്രാന്‍സ്‌ഫോമറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്‌ഫോമര്‍ തകര്‍ന്ന് കാറിന്റെ മുകളിലേയ്ക്ക് വീണ നിലയിലാണുള്ളത്. ലൈനുകളും പൊട്ടി താഴെ വീണിട്ടുണ്ട്. കല്ലങ്കി ട്രാന്‍സ്‌ഫോമറാണ് തകര്‍ന്നത്. നടുവത്തൂര്‍ ഫീഡറില്‍ നിന്നും വരുന്ന ലൈനാണിത്. കീഴ്പ്പയ്യൂര്‍ മഠത്തുംഭാഗത്ത് നിന്നുള്ള കുടുംബമാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. വലിയ അപകടമാണ് ഒഴിവായത്.

നിലവില്‍ അരിക്കുളം, മൂടാടി, മുചുകുന്ന് ഭാഗത്തേയ്ക്ക് കണക്ട് ചെയ്യുന്ന ട്രാന്‍സ്‌ഫോമറായതിനാല്‍ പലയിടങ്ങളിലും ഭാഗികമായി വൈദ്യുതി മുടങ്ങും . പോലീസും കെ.എസ്.ഇ.ബി അധികൃതരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Summary: Accident: Car loses control on Narakode Road in Meppayyur, hits transformer; transformer breaks and falls on top of car.