തിരുവങ്ങൂരില്‍ ഗുഡ്‌സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്; അപടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത് വാഹനം വെട്ടിപ്പൊളിച്ച് (ചിത്രങ്ങൾ കാണാം)


കൊയിലാണ്ടി: തിരുവങ്ങൂര്‍ ദേശീയ പാതയില്‍ ഗുഡ്‌സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാളെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവങ്ങൂര്‍ അണ്ടി കമ്പനിക്ക് സമീപം ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

മഹീന്ദ്ര ഗുഡ്‌സും ഹ്യൂണ്ടായ് ക്രെറ്റ കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഓട്ടോയില്‍ മൂന്നുപേരും കാറില്‍ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോയുടെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ നാട്ടുകാരാണ് ഓട്ടോയില്‍ നിന്ന് പുറത്തെത്തിച്ചത്. മൂന്നാമത്തെയാളെ കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്. നന്തി നാരങ്ങോളിക്കാട് പറമ്പില്‍ യുസുഫിന്റെ മകന്‍ അഷ്‌ക്കരാണ് (20) ഓട്ടോയില്‍ കുടുങ്ങി പോയത്.

വാഹനം വെട്ടിപ്പൊളിച്ചാണ് യുവാവിനെ രക്ഷിച്ചതെന്ന് അഗ്‌നിശമന സേന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. സേനയുടെ ആംബുലന്‍സില്‍ തന്നെ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നത് മിംസ് ആശുപത്രിയിലെ ഡോക്ടറാണ്. ഇദ്ദേഹത്തെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസപ്പെട്ടു.

സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ്, ഫയർ&റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്, സനൽരാജ്, വിഷ്ണു, സനോഫർ, രാകേഷ്, സജിത്ത് ഹോംഗാർഡുമാരായമാരായ പ്രദീപ്, രാജീവ്, രാജേഷ്‌, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.