കൊയിലാണ്ടിയിലും തെരുവുനായ ശല്യം രൂക്ഷം; പുളിയഞ്ചേരിയിലെ വന്ധ്യംകരണ കേന്ദ്രം ഇതുവരെ പ്രവര്‍ത്തനസജ്ജമായില്ല, നായശല്യത്തിന് പരിഹാരം വേണമെന്ന് വ്യാപാരികളും നാട്ടുകാരും


കൊയിലാണ്ടി: കേരളത്തിലാകെ ചര്‍ച്ചാ വിഷയമായ തെരുവുനായ ശല്യം കൊയിലാണ്ടിയിലും രൂക്ഷം. കൊയിലാണ്ടി നഗരത്തിലും പരിസരപ്രദേശങ്ങളിലുമെല്ലാം നിരവധി തെരുവുനായ്ക്കളാണ് അലഞ്ഞുനടക്കുന്നത്. കൊയിലാണ്ടിയിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ശല്യമായി നായ്ക്കള്‍ യഥേഷ്ടം വിഹരിക്കുമ്പോഴും അതിനെതിരെ ഒരു നടപടിയും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.

തെരുവുനായകളുടെ എണ്ണം വര്‍ധിക്കുകയും സംസ്ഥാനത്ത് പലയിടത്തും തെരുവുനായ മനുഷ്യനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഭീതിയോടെയാണ് കൊയിലാണ്ടിക്കാര്‍ ഓരോ ദിവസവും കഴിയുന്നത്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി തുടങ്ങിയ നഗരസഭയുടെ എ.ബി.സി കേന്ദ്രം (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍) ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ട് പോലുമില്ല.

പുളിയഞ്ചേരിയില്‍ ആറ് വര്‍ഷം മുമ്പാണ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുക എന്ന ലക്ഷ്യത്തോടെ എ.ബി.സി കേന്ദ്രം തുടങ്ങിയത്. പുളിയഞ്ചേരിക്കുളത്തിന് സമീപം നഗരസഭയുടെ കൈവശമുള്ള കെട്ടിടത്തിലാണ് നായ്ക്കളെ സൂക്ഷിക്കാനുള്ള കൂടും മറ്റ് സംവിധാനങ്ങളുമെല്ലാം ഒരുക്കിയത്. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.

എ.ബി.സി കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ ആദ്യം എതിര്‍പ്പുയര്‍ത്തിയെങ്കിലും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചിരുന്നു. മാലിന്യ പ്രശ്‌നം ചൂണ്ടിക്കാണിച്ചായിരുന്നു നാട്ടുകാരുടെ എതിര്‍പ്പ്. സമീപ പ്രദേശത്തെ കല്ലുവെട്ട് കുഴിയില്‍ മാലിന്യസംസ്‌കരണത്തിന് സൗകര്യം ഒരുക്കാമെന്ന ധാരണയിലാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.

തെരുവുനായ ശല്യത്തിന് പരിഹാരം ഉടന്‍ കാണണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിലെ വ്യാപാരികളും രംഗത്തെത്തി. കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പൊതുജനങ്ങളും വ്യാപാരികളും തെരുവുനായ്ക്കള്‍ കാരണം ഭീതിയിലാണ്. ആശങ്കയകറ്റാന്‍ നഗരസഭ ഉടന്‍ നടപടിയെടുക്കണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നായശല്യം ഉടന്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.


summary: Neutering center in Puliyancherry not yet operational, traders and locals demand solution to dog nuisance