ലഹരിവാണിഭക്കാര്‍ക്കെതിരെ ഓരോരുത്തരും കാവലാളായി നില്‍ക്കണം, പൊലീസും എക്‌സൈസും വിളിപ്പുറത്തുണ്ടാകുമെന്ന് ആവിക്കല്‍ കൂട്ടായ്മയുടെ പരിപാടിയില്‍ പയ്യോളി സി.ഐ


നന്തി ബസാര്‍: ജനകീയ കൂട്ടായ്മയിലൂടെ നിതാന്ത ജാഗ്രത പാലിച്ച് വിദ്യാര്‍ത്ഥി -യുവജനങ്ങളെയും, സമൂഹത്തെയും ലഹരിവിമുക്തമാക്കാന്‍ ലഹരിവാണിഭക്കാര്‍ക്കെതിരെ ഓരോരുത്തരും കാവലാളായി നില്‍ക്കണമെന്ന് പയ്യോളി സി.ഐ. സുഭാഷ് ബാബു പറഞ്ഞു. ലോക ലഹരി വിരുദ്ധ ദിനത്തില്‍ തിക്കോടി ആവിക്കല്‍ കൂട്ടായ്മ വാട്‌സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിന സെമിനാര്‍ ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിധത്തിലുള്ള കര്‍ശന നിയമനടപടികളുമായി ഏതുസമയവും പൊലീസും എക്‌സൈസ് സംവിധാനവും വിളിപ്പുറത്തുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ആഴിക്കല്‍ മദ്രസയില്‍ നടത്തിയ പരിപാടിയില്‍ പി.ടി.സുബൈര്‍ അധ്യക്ഷനായിരുന്നു.

എഴുത്തുകാരന്‍ ഇബ്രാഹിം തിക്കോടി മുഖ്യാഥിതിയായി. രമേശന്‍ ചേലക്കല്‍, ശ്രീജ ടീച്ചര്‍, ടി.സി.പ്രസന്നന്‍, ബൈജു ചാലില്‍, ജലീല്‍ ഉസ്താദ്, റോഷന്‍ തിക്കോടി സംസാരിച്ചു. തായത്ത് ബഷീര്‍ കെ.കെ.എം.പി. സ്വാഗതവും യു.അനൂപ് നന്ദിയും പറഞ്ഞു.