”സ്‌നേഹനക്ഷത്രങ്ങള്‍ ഓരോന്നായി മറയുന്നത് വേദന മാത്രമല്ല, ശൂന്യതയും സൃഷ്ടിക്കുന്നു”; അരിക്കുളം സ്വദേശി അലി പള്ളിയത്തുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അബ്ദുസമദ് സമദാനി



ല്പം മുമ്പാണ് ചെന്നൈയില്‍ നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോണ്‍കോള്‍ വന്നത്. സന്തോഷത്തോടെ അങ്ങോട്ടു സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് മനസ്സും പരിസരവും ശോകമൂകമാക്കിയ ആ വിവരം അറിഞ്ഞത്.

പ്രിയ സ്‌നേഹിതന്‍ അലി പള്ളിയത്ത് വിടപറഞ്ഞിരിക്കുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. അലി സാഹിബും ഞാനും തമ്മിലുള്ള അടുത്ത ബന്ധം മനസ്സിലാക്കിയാണ് വിവരമറിഞ്ഞപ്പോള്‍ തന്നെ എന്നെ വിളിച്ചതെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞപ്പോള്‍ ഉള്ളം വിതുമ്പി. പിന്നീട് പ്രിയ സഹോദരന്‍ ഷാഹുല്‍ ഹമീദ് നടുവണ്ണൂരും വിളിച്ചു. ദു:ഖവിവരമറിഞ്ഞ സ്‌നേഹജനങ്ങളെല്ലാം അത് കൈമാറിക്കൊണ്ടിരുന്നു.

സദാ കര്‍മ്മനിരതനായ സാമൂഹിക സേവകനായിരുന്നു. ഖത്തറില്‍ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിപ്പോന്ന വ്യാപാരിയും കെ.എം.സി.സിയുടെ സമുന്നത നേതാവുമായിരുന്നു. രാഷ്ട്രീയ, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പൊതുമനുഷ്യനായിരുന്നു. മനുഷ്യസ്‌നേഹം നിറഞ്ഞ ഹൃദയത്തിനുടമയായിരുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിവിധ വിഷയങ്ങളില്‍ അവരെ സഹായിക്കാനും അലി സാഹിബ് നിരന്തരം ഇടപെട്ടു. പൊടുന്നനെ സംഭവിച്ച വിയോഗംവരെയും കര്‍മ്മരംഗത്ത് അദ്ദേഹം സജീവമായി നിലകൊണ്ടു. ഇന്നലെപ്പോലും നാട്ടിലെ കാര്യങ്ങളില്‍ അലി സാഹിബ് ലൈവായിരുന്നുവെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു.

സദാ പ്രസന്നമായിരുന്നു ആ മുഖം. ചിരിച്ചുകൊണ്ട് മധുരം വിളമ്പുന്ന ആ സംഭാഷണശൈലി മനസ്സില്‍ നിന്ന് മായുകയില്ല, അതില്‍ മുഴങ്ങിയ ആ സ്‌നേഹശബ്ദം അകതാരില്‍ എന്നും പ്രതിധ്വനിക്കുകയും ചെയ്യും.

ഞങ്ങളുടെ സ്‌നേഹബന്ധത്തിന് വിപുലമായ സ്‌നേഹത്തിന്റെ അമൂല്യതയുണ്ടായിരുന്നു. അലി സാഹിബിന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും ഞാന്‍ പങ്കാളിയായത് അതിഥിയായിക്കൊണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് അതിന് ശിലയിടാന്‍ എന്നെ കൊണ്ടുപോയി. വീട്ടുപറമ്പിലൂടെ ഒഴുകിപ്പോകുന്ന അരുവി കണ്ടനാള്‍ മുതല്‍ എനിക്കതിനോട് എന്തെന്നില്ലാത്ത കൗതുകം തോന്നി. വീട്ടില്‍ ചെല്ലുന്ന ചില അവസരങ്ങളില്‍ ഞങ്ങളിരുവരും അതിന്റെ ഓരത്ത് ചെന്നിരിക്കുമായിരുന്നു. അലി സാഹിബിനെ കാണുമ്പോഴൊക്കെ തോട്ടില്‍ വെള്ളമുണ്ടോ എന്ന് പ്രത്യേകം ഞാന്‍ അന്വേഷിക്കുമായിരുന്നു. വേനലിലും അത് വറ്റാതെ ഒഴുകുന്നുണ്ടെന്നറിഞ്ഞ് മനസ്സ് ഏറെ സന്തോഷിക്കുകയും ചെയ്തു.

അതെ, അലി പള്ളിയത്ത് വറ്റാത്ത അരുവിയായിരുന്നു, സ്‌നേഹനിര്‍ഝരിയായ പൊന്നരുവി. സ്‌നേഹനക്ഷത്രങ്ങള്‍ ഓരോന്നായി മറയുന്നത് വേദന മാത്രമല്ല, ശൂന്യതയും സൃഷ്ടിക്കുന്നു.

പുഞ്ചിരിതൂകി നിറഞ്ഞ സ്‌നേഹത്തോടെ അലി സാഹിബ് പലപ്പോഴും സ്വീകരിച്ച അദ്ദേഹത്തിന്റെ ഭവനത്തില്‍ ഇന്ന് എത്തിയത് ദു:ഖസാന്ദ്രമായ അന്തരീക്ഷത്തിലേക്കാണ്. പ്രിയ സ്‌നേഹിതന്റെ ചേതനയറ്റ ദേഹം അദ്ദേഹത്തിന്റെ കളിചിരികള്‍ മുഴങ്ങിയ ഈ വീട്ടില്‍ എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അരുവിയുടെ നീരൊഴുക്ക് തുടരുന്നുണ്ടാകണം. അത് ആരെയും കാത്തുനില്‍ക്കുന്നില്ല. മനുഷ്യജീവിതത്തിന്റെ ക്ഷണികതയിലെ നിയതി പോലെ.

എല്ലാവരോടും സ്‌നേഹം പുലര്‍ത്താന്‍ മാത്രം അറിയാമായിരുന്ന അലി സാഹിബിന്റെ സ്വഭാവ വിശേഷണത്തെപ്പറ്റി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ബഹുമാന്യനായ ഹാഷിം തങ്ങള്‍ പറയുകയായിരുന്നു: ഞങ്ങളൊന്നിച്ചുണ്ടായ യാത്രകളില്‍ അദ്ദേഹം നിങ്ങളെപ്പറ്റി പറയാത്ത ദിവസങ്ങള്‍ തന്നെ ഇല്ലായിരുന്നുവെന്ന്. ഈ വരാന്തയിലിരുന്ന് ഹാഷിം തങ്ങള്‍ സങ്കടപ്പെട്ട് പറയുമ്പോഴും മനസ്സിലൂടെ ഒരു നൊമ്പരക്കാറ്റ് വീശി.