‘ആദ്യം ആധാർ’ മേപ്പയ്യൂരിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 56 കുരുന്നുകൾ


മേപ്പയ്യൂർ: ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ രജിസ്ട്രേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതുവരെ ആധാർ എടുത്തിട്ടില്ലാത്ത അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കുവേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്തിലെ ഒമ്പത്, പത്ത് വാർഡുകളെ സംയോജിപ്പിച്ച് കെ.ജി.എം.എസ് യൂ പി സ്കൂളിലാണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്. രണ്ട് ക്യാമ്പുകളിലായി പഞ്ചായത്തിൽ ഇതുവരെ 56 കുട്ടികൾ ആധാർ രജിസ്ട്രേഷൻ നടത്തി.

ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച സമഗ്ര എൻറോൾമെന്റ് പരിപാടിയാണ് ആദ്യം ആധാർ. ഘട്ടം ഘട്ടമായി വിവിധ സാമൂഹ്യ വിഭാഗങ്ങളെ ലക്ഷ്യമാക്കി പൂർത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനിൽ വടക്കയിൽ, ഭാസ്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തം​ഗം മിനി അശോകൻ, പ്രസീത.കെ.എം, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു.

Summary: ‘Aadhyam Aadhaar’ registration in Mepayyur