ആധാര്‍ തിരുത്താന്‍ പ്ലാന്‍ ഉണ്ടോ; ഇനിയത്ര എളുപ്പമല്ല, ചെറിയ തെറ്റുകള്‍ പോലും പാടില്ലെന്ന് നിബന്ധന
തിരുവനന്തപുരം: പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാര്‍ കാര്‍ഡ് തിരുത്തുന്നതിനും കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ആധാര്‍ അതോറിറ്റിയുടെ തീരുമാനം. ആധാര്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അത് തടയാനാണ് യുഐഡിഎഐയുടെ പുതിയ നടപടി. അപേക്ഷകള്‍ നല്ക്കുന്ന സമയത്ത് രേഖകളില്‍ വരുന്ന ചെറിയ മാറ്റങ്ങളും ഇനി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഐഡിഎഐ അറിയിച്ചു.
ആധാര്‍ കാര്‍ഡിലെ പേരില്‍ വരുത്തുന്ന ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധമാണ്. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും ഈ നിയമം ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയല്‍ രേഖയും നല്‍കണം. പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയുള്ള പുതിയ എസ്എസ്എല്‍സി ബുക്ക്, പാസ്പോര്‍ട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. എന്നാല്‍ പേരുതിരുത്താന്‍ പരമാവധി രണ്ടു അവസരം മാത്രമേ നല്‍കൂവെന്ന നിബന്ധനയില്‍ മാറ്റമുണ്ടാകില്ല.
ഇനി മുതല്‍ ആധാര്‍ എടുക്കാനും വിലാസം തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്ബുക്ക്, തിരിച്ചറിയല്‍ രേഖയാക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിന്, മേല്‍വിലാസത്തിന്റെ തെളിവ് ബാങ്കുരേഖയില്‍ ലഭ്യമാണെന്നും ഇ-കെവൈസി പൂര്‍ണമാണെന്നും ശാഖാമാനേജര്‍ സാക്ഷ്യപത്രം നല്‍കണം. ഇതിനൊപ്പം പൊതുമേഖലാ ബാങ്ക് നല്കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കും രേഖയായി വേണ്ടി വരുമെന്ന് ആധാര്‍ അതോറിറ്റി വ്യക്തമാക്കുന്നുണ്ട്.